28/03/2026
[fontresizer_tawhidurrahmandear_widget]

കര്‍ണാടകയിലെ ഒഴിപ്പിക്കല്‍: ‘കൃത്യമായ പുനരധിവാസം ഉറപ്പാക്കും’- ലീഗ് നേതൃത്വത്തിന് ഉറപ്പുനല്‍കി സിദ്ധരാമയ്യ, പാക്കേജ് ഇന്ന് പ്രഖ്യാപിക്കും

 കര്‍ണാടകയിലെ ഒഴിപ്പിക്കല്‍: ‘കൃത്യമായ പുനരധിവാസം ഉറപ്പാക്കും’- ലീഗ് നേതൃത്വത്തിന് ഉറപ്പുനല്‍കി സിദ്ധരാമയ്യ, പാക്കേജ് ഇന്ന് പ്രഖ്യാപിക്കും

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഫകീര്‍ കോളനിയില്‍ ഇരുന്നൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തില്‍ ഇരകള്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശനിയാഴ്ച ഔദ്യോഗിക വസതിയില്‍ മുസ്ലിം ലീഗ് ദേശീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കിയത്.

പുനരധിവാസ പാക്കേജിന്റെ അന്തിമരൂപം ഇന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ പ്രഖ്യാപിക്കും. സംഭവത്തില്‍ പൊതുസമൂഹത്തിനുള്ള ആശങ്കയും ഇരകളുടെ അവസ്ഥയും ലീഗ് സംഘം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. എത്രയും വേഗം മെച്ചപ്പെട്ട പുനരധിവാസം നടപ്പിലാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ലീഗ് നേതാക്കളോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വീട് നഷ്ടപ്പെട്ടവരുമായി സംസാരിച്ച മന്ത്രി, ആവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്ന് ഉറപ്പുനല്‍കി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈര്‍, ഫൈസല്‍ ബാബു, ഷിബു മീരാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. നിലവില്‍ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്ന ബെംഗളൂരു കെ.എം.സി.സി ക്യാമ്പും നേതാക്കള്‍ സന്ദര്‍ശിച്ചു. പുനരധിവാസം പൂര്‍ത്തിയാകുന്നത് വരെ ഇരകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സി.കെ. സുബൈര്‍ അറിയിച്ചു.

Also read: