നിറകണ്ണുകളോടെ സുനാലി ഖാത്തൂന്; അഞ്ച് മാസത്തെ നരകയാതനയ്ക്ക് ശേഷം മകനൊപ്പം ഇന്ത്യയില്‍ തിരിച്ചെത്തി
കൊല്‍ക്കത്ത: അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയായ യുവതിക്കും മകനും നീണ്ട അഞ്ച് മാസത്തെ നിയമപോരാട്ടത്തിനൊടുവില്‍ നീതി. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സുനാലി ഖാത്തൂനും(25) എട്ടു വയസ്സുകാരനായ മകനും ഇന്ത്യയില്‍ തിരിച്ചെത്തി. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇവരെ തിരിച്ചെത്തിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ മെഹദിപൂര്‍ അതിര്‍ത്തി വഴിയാണ് ഇവര്‍ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയത്. നിറകണ്ണുകളോടെയാണ് സുനാലി ഇന്ത്യന്‍ മണ്ണിലേക്ക് കാലുകുത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ സുനാലിയെ അതിര്‍ത്തി കടന്ന ഉടന്‍ തന്നെ മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി പ്രവേശിപ്പിച്ചു.
പശ്ചിമ ബംഗാളിലെ ബിര്‍ഭും സ്വദേശികളായ സുനാലിയെയും ഭര്‍ത്താവ് ഡാനിഷ് ഷെയ്ഖിനെയും ജൂണ്‍ 26-നാണ് ഡല്‍ഹി പോലീസ് പിടികൂടി ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. ഇവര്‍ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരാണെന്നായിരുന്നു പോലീസ് വാദം. എന്നാല്‍, ഇവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് കാണിച്ച് സുനാലിയുടെ കുടുംബം നിയമനടപടി സ്വീകരിക്കുകയായിരുന്നു. കല്‍ക്കട്ട ഹൈക്കോടതി നാടുകടത്തല്‍ നടപടി നിയമവിരുദ്ധമാണെന്ന് നേരത്തെ വിധിച്ചിരുന്നു.
സുപ്രീം കോടതിയുടെ നിരീക്ഷണം
വിഷയം സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍, ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ണായകമായ നിരീക്ഷണങ്ങള്‍ നടത്തി. ഭരണകൂടം ചിലപ്പോഴൊക്കെ മാനുഷിക താല്‍പ്പര്യങ്ങള്‍ക്കായി നിയമങ്ങളില്‍ അല്പം ഇളവ് വരുത്തണം(bend in humanitarian interest) എന്ന് കോടതി ഓര്‍മിപ്പിച്ചു. സുനാലിക്ക് പ്രസവത്തിനുള്ള സൗകര്യവും കുട്ടിയുടെ സംരക്ഷണവും ഉറപ്പാക്കാന്‍ കോടതി കേന്ദ്രത്തിനോട് കര്‍ശനമായി നിര്‍ദ്ദേശിച്ചു.
സുനാലിക്കും മകനും മടങ്ങാന്‍ അനുമതി ലഭിച്ചെങ്കിലും, ഭര്‍ത്താവ് ഡാനിഷ് ഷെയ്ഖും കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അവരുടെ രണ്ട് കുട്ടികളും ഇപ്പോഴും ബംഗ്ലാദേശില്‍ തുടരുകയാണ്. ഇവരുടെ പൗരത്വം സംബന്ധിച്ച തര്‍ക്കം കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്നതിനാലാണിത്. ‘ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്, എന്നാല്‍ എന്റെ ഭര്‍ത്താവിനെയും എത്രയും വേഗം തിരിച്ചുകൊണ്ടുവരണം,’ എന്ന് സുനാലി വികാരാധീനയായി പ്രതികരിച്ചു.
ഇന്ത്യന്‍ പൗരന്മാര്ക്കെതിരായ അതിക്രമമാണ് നാടുകടത്തലിലൂടെ നടന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഡിസംബര്‍ 12-ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഭര്‍ത്താവിന്റെ കാര്യത്തിലും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.