31/03/2026
[fontresizer_tawhidurrahmandear_widget]

ധാക്ക മുൾമുനയിൽ താരീഖ് റഹ്മാൻ നാളെയെത്തും; ബംഗ്ലാദേശിൽ കടുത്ത ജാഗ്രത, എംബസികൾ അടച്ചു

 ധാക്ക മുൾമുനയിൽ താരീഖ് റഹ്മാൻ നാളെയെത്തും; ബംഗ്ലാദേശിൽ കടുത്ത ജാഗ്രത, എംബസികൾ അടച്ചു

ന്യൂഡൽഹി: ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവാകാൻ സാധ്യതയുള്ള നാളെയെ ഉറ്റുനോക്കി നയതന്ത്ര ലോകം. 17 വർഷത്തെ പ്രവാസത്തിന് ശേഷം ബിഎൻപി നേതാവ് താരിഖ് റഹ്മാൻ തിരിച്ചെത്തുന്നതും, വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്നുള്ള സംഘർഷാവസ്ഥയുമാണ് ധാക്കയെ ഇപ്പോൾ മുൾമുനയിൽ നിർത്തുന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തലുകൾ.

എംബസികൾക്ക് കടുത്ത ജാഗ്രത

സുരക്ഷാ ഭീഷണികളും വരാനിരിക്കുന്ന വൻ പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഇന്നും നാളെയും ധാക്കയിലെ ജർമ്മൻ എംബസി അടച്ചിടുമെന്ന് ഔദ്യോഗികമായി അറിയിച്ചു. നാളെ കടുത്ത ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ എംബസിയും തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഹസ്രത്ത് ഷാജലാൽ വിമാനത്താവളം മുതൽ ഗുൽഷൻ വരെയുള്ള മേഖലകളിൽ കനത്ത ഗതാഗത തടസ്സവും സംഘർഷ സാധ്യതയും നിലനിൽക്കുന്നതിനാൽ യാത്രക്കാർ അധിക സമയം അനുവദിക്കണമെന്നും ബദൽ മാർഗങ്ങൾ തേടണമെന്നുമാണ് യുഎസ് എംബസിയുടെ മുന്നറിയിപ്പിൽ പറയുന്നത്. വിമാനത്താവളത്തിലേക്ക് പോകുന്നവർ യാത്രാരേഖകൾ കരുതണമെന്നും പോലീസ് പരിശോധനകളോട് സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി സംസാരിക്കുകയും രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു.

താരിഖ് റഹ്മാന്റെ തിരിച്ചുവരവ്

ബിഎൻപി സ്ഥാപകൻ സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനായ താരിഖ് റഹ്മാൻ നാളെ രാവിലെ 11:45ന് ലണ്ടനിൽ നിന്ന് ധാക്കയിലെത്തും. 2007ൽ സൈനിക പിന്തുണയുള്ള സർക്കാരിന്റെ കാലത്ത് അറസ്റ്റിലായ അദ്ദേഹം 2008 മുതൽ ലണ്ടനിൽ രാഷ്ട്രീയ അഭയത്തിലായിരുന്നു. ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട റഹ്മാനെ, ഇടക്കാല സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കിയിരുന്നു. പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന വൻ റാലിയോടെ അദ്ദേഹത്തെ സ്വീകരിക്കാനാണ് ബിഎൻപി ഒരുങ്ങുന്നത്. ദീർഘകാലമായി രാഷ്ട്രീയ രംഗത്ത് നിന്ന് വിട്ടുനിന്ന റഹ്മാന്റെ മടങ്ങിവരവ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎൻപിക്ക് വലിയ മുൻതൂക്കം നൽകുമെന്നാണ് കരുതപ്പെടുന്നത്.

ഉസ്മാൻ ഹാദി വധവും അന്താരാഷ്ട്ര പ്രതികരണങ്ങളും

ഇതിനിടെ, ഇങ്ക്വിലാബ് മഞ്ച് നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകം ബംഗ്ലാദേശിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഹാദിയുടെ മരണത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും അസാധാരണമാംവിധം അനുശോചനം രേഖപ്പെടുത്തിയതിനെ മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി കൻവാൾ സിബൽ രൂക്ഷമായി വിമർശിച്ചു. തീവ്ര നിലപാടുകളുള്ള നേതാവിന്റെ മരണത്തിന് പാശ്ചാത്യ രാജ്യങ്ങൾ ഇത്രയധികം പ്രാധാന്യം നൽകുന്നത് നയതന്ത്രപരമായ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചിരിന്നു.

ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര പോര്

ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നെന്ന അഭ്യൂഹങ്ങൾ പടർന്നത് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണമുണ്ടാകാൻ കാരണമായിരുന്നു. ഇതിന് പിന്നാലെ ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ നടന്ന പ്രതിഷേധം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിന് ആക്കം കൂട്ടി. അതേസമയം, അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം എത്രയും വേഗം കുറയ്ക്കണമെന്ന് റഷ്യൻ അംബാസഡർ അലക്‌സാണ്ടർ ഗ്രിഗോറിയേവിച്ച് ഖോസിൻ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാനിരിക്കെ, നാളെത്തെ സംഭവവികാസങ്ങൾ ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.

Also read: