‘ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ മതം നോക്കരുത്; ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭയമില്ലാതെ ജീവിക്കാം’ -ബംഗ്ലാദേശിനെ ഉടച്ചുവാർക്കാൻ റോഡ് മാപ്പുമായി താരിഖ് റഹ്മാൻ
ധാക്ക: 17 വർഷത്തെ ലണ്ടൻ പ്രവാസജീവിതം അവസാനിപ്പിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഭാര്യയ്ക്കും അഭിഭാഷകയായ മകൾക്കുമൊപ്പം ധാക്കയിലെത്തിയ താരിഖ് റഹ്മാൻ, തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ “എനിക്കൊരു പദ്ധതിയുണ്ട്” (I have a plan) എന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ നയം വ്യക്തമാക്കി. മാർട്ടിൻ ലൂഥർ കിംഗിന്റെ വാക്കുകളെ ഓർമിപ്പിച്ച അദ്ദേഹം, വിവേചനമില്ലാത്ത സുരക്ഷിതമായ ഒരു ‘പുതിയ ബംഗ്ലാദേശ്’ കെട്ടിപ്പടുക്കലാണ് ലക്ഷ്യമെന്ന് അറിയിച്ചു.
‘അമ്മമാർ സ്വപ്നം കാണുന്ന ബംഗ്ലാദേശ്’
മുസ്‍ലിംകള്‍, ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിങ്ങനെ വിവിധ മതസ്ഥർ ഇവിടെ ജീവിക്കുന്നുണ്ടെന്നും, ഒരു അമ്മ സ്വപ്നം കാണുന്ന തരത്തിലുള്ള ബംഗ്ലാദേശാണ് നാമെല്ലാവരും ചേർന്ന് കെട്ടിപ്പടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീക്കോ പുരുഷനോ കുട്ടിക്കോ, അത് ആരുമാകട്ടെ, സുരക്ഷിതമായി വീട്ടിൽ നിന്ന് പുറത്തിറങ്ങാനും തിരികെ എത്താനും കഴിയുന്ന ഒരിടമായി ബംഗ്ലാദേശ് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശനയത്തിൽ ബിഎൻപി സ്വീകരിക്കുന്ന കർശന നിലപാടും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായോ പാകിസ്ഥാനുമായോ അമിത അടുപ്പത്തിനില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഡല്‍ഹിയുമല്ല, റാവൽപിണ്ടിയുമല്ല, ബംഗ്ലാദേശാണ് എല്ലാത്തിനും മുകളിൽ എന്ന് തുറന്നടിച്ചു.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രൂക്ഷവിമർശനം
മുഹമ്മദ് യൂനുസിന്റെ കാലത്ത് ശക്തിപ്രാപിച്ച ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്ര സംഘടനകളെ പേരെടുത്ത് പറയാതെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 1971-ലെ യുദ്ധകാലത്ത് പാകിസ്ഥാനെ പിന്തുണച്ചവരെ രാജ്യം മറക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. “ഇപ്പോൾ ജനപിന്തുണ തേടി വരുന്നവരെ 1971-ൽ രാജ്യം കണ്ടതാണ്. അവർ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുക മാത്രമല്ല, എണ്ണമറ്റ അമ്മമാരെയും സഹോദരിമാരെയും ഉപദ്രവിക്കുകയും ചെയ്തു. നമ്മളത് ഒരിക്കലും മറക്കരുത്”- താരിഖ് റഹ്മാൻ പറഞ്ഞു.
ഹിന്ദുക്കൾക്ക് സുരക്ഷാ ഉറപ്പ്
ദുർഗാ പൂജയോടനുബന്ധിച്ച് അദ്ദേഹം നൽകിയ സന്ദേശം ബംഗ്ലാദേശി ഹിന്ദുക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. “എല്ലാ ഹിന്ദുക്കൾക്കും ആവേശത്തോടെയും സുരക്ഷിതമായും ഉത്സവം ആഘോഷിക്കാൻ കഴിയണം. മതം വ്യക്തിപരമാണ്. എന്നാൽ സുരക്ഷയ്ക്കുള്ള അവകാശം എല്ലാവർക്കുമുള്ളതാണ്”- അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയ്ക്ക് ശുഭസൂചന
മുൻകാലങ്ങളിൽ തീവ്ര സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ബിഎൻപി, ഇപ്പോൾ ലിബറൽ ജനാധിപത്യ പാതയിലേക്ക് മാറുന്നതും 1971-ലെ വിമോചന സമരത്തെ ആദരിക്കുന്നതും ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎൻപി അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്നിരിക്കെ, താരിഖിന്റെ ‘പുതിയ ബംഗ്ലാദേശ്’ എന്ന ആശയത്തെ ഇന്ത്യയും ഉറ്റുനോക്കുന്നു.