യമനില്‍നിന്ന് അവശേഷിക്കുന്ന സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന് യുഎഇ
അബുദാബി: യമനില്‍ അവശേഷിക്കുന്ന തങ്ങളുടെ സൈനികരെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ച് യുഎഇ. ഇന്നു വൈകീട്ടാണ് യുഎഇ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കും യമന്‍ തുറമുഖത്ത് സൗദി അറേബ്യ നടത്തിയ ആക്രമണത്തിനും പിന്നാലെയാണു നടപടി.
നേരത്തെ, സൗദി അറേബ്യ പുറപ്പെടുവിച്ച പ്രസ്താവനയില്‍ യുഎഇ കടുത്ത ഖേദം രേഖപ്പെടുത്തിയിരുന്നു. സൗദി തങ്ങളുടെ സഹോദര രാജ്യമാണെന്നും അവര്‍ക്കുള്ള പിന്തുണ തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. യമനിലെ സംഭവങ്ങളില്‍ യുഎഇയുടെ പങ്കിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പിശകുകളുണ്ടെന്നും യുഎഇ ചൂണ്ടിക്കാട്ടി.
യമനിലെ കക്ഷികള്‍ക്കിടയിലുള്ള സംഘര്‍ഷത്തില്‍ തങ്ങളുടെ പേര് വലിച്ചിഴയ്ക്കുന്നതിനെ യുഎഇ പൂര്‍ണമായും തള്ളിപ്പറഞ്ഞു. സൗദിയുടെ സുരക്ഷ തകര്ക്കുന്നതിനായോ അതിര്‍ത്തി ലക്ഷ്യമിട്ടോ സൈനിക നീക്കങ്ങള്‍ നടത്താന്‍ യമനിലെ ഏതെങ്കിലും കക്ഷികളില്‍ സമ്മര്‍ദം ചെലുത്തുകയോ നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ലെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.