27/01/2026

‘സ്ഥാനാര്‍ഥി പിന്നിലായപ്പോള്‍ ഉദ്യോഗസ്ഥനെ വിളിച്ചു; അന്തിമഫലം വന്നപ്പോള്‍ ജയം’; വോട്ട് കൊള്ള ‘ശരിവച്ച്’ കേന്ദ്രമന്ത്രിയുടെ വീഡിയോ, വിവാദം

 ‘സ്ഥാനാര്‍ഥി പിന്നിലായപ്പോള്‍ ഉദ്യോഗസ്ഥനെ വിളിച്ചു; അന്തിമഫലം വന്നപ്പോള്‍ ജയം’; വോട്ട് കൊള്ള ‘ശരിവച്ച്’ കേന്ദ്രമന്ത്രിയുടെ വീഡിയോ, വിവാദം

പട്ന: തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ വീഡിയോ പുറത്ത്. താൻ ഇടപെട്ട് ഉദ്യോഗസ്ഥനെ വിളിച്ചതിലൂടെയാണ് 2020-ൽ തോൽക്കുമായിരുന്ന സ്ഥാനാർഥി ജയിച്ചതെന്ന് മാഞ്ചി അവകാശപ്പെടുന്ന വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്. ഗയ ലോക്സഭാ മണ്ഡലത്തിൽ വെച്ച് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ വോട്ട് കൊള്ള ആരോപിച്ച് ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം ഏറ്റെടുത്തതോടെ വലിയ വിവാദമായി മാറിയിരിക്കുകയാണ്.

വീഡിയോയിലെ വെളിപ്പെടുത്തലുകൾ

പ്രാദേശിക ഭാഷയായ മഗാഹിയിലാണ് മാഞ്ചി വീഡിയോയിൽ സംസാരിക്കുന്നത്. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടികാരി മണ്ഡലത്തിൽ മത്സരിച്ച തന്റെ പാർട്ടി (HAM) സ്ഥാനാർത്ഥി അനിൽ കുമാറിനെക്കുറിച്ചാണ് പരാമർശം.

“2020-ൽ വോട്ടെണ്ണൽ നടക്കുമ്പോൾ സ്ഥാനാർഥി 2,700 വോട്ടുകൾക്ക് പിന്നിലായിരുന്നു. അദ്ദേഹം എന്നെ വിളിച്ചു, ഉടൻ തന്നെ ഞാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു. ഒടുവിൽ ഫലം വന്നപ്പോൾ അദ്ദേഹം വിജയിച്ചു,” മാഞ്ചി പറയുന്നതായി വീഡിയോയിലുണ്ട്.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ ഇതേ സ്ഥാനാർത്ഥി 1,600 വോട്ടുകൾക്ക് പരാജയപ്പെട്ട കാര്യവും അദ്ദേഹം വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. “ഇത്തവണ അദ്ദേഹം തോൽവി സമ്മതിച്ച് എന്നെ വിളിക്കാതെ മടങ്ങി. അന്ന് ഗയയിൽ ഉണ്ടായിരുന്ന, ഇപ്പോൾ ത്രിപുരയിൽ ജോലി ചെയ്യുന്ന കളക്ടർ (ഡിഎം) എന്നെ വിളിച്ച് ‘എന്തുപറ്റി’ എന്ന് അന്വേഷിച്ചു. എന്നെ വിളിക്കാതെ പോയതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല,” മാഞ്ചി കൂട്ടിച്ചേർത്തു.

ബിഹാറിലെ എൻ.ഡി.എ വിജയത്തിന് പിന്നിൽ ‘വോട്ട് കൊള്ള’ ആണെന്ന തങ്ങളുടെ ആരോപണത്തിനുള്ള തെളിവാണ് ഈ വീഡിയോ എന്ന് ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് അവർ ആവശ്യപ്പെട്ടു.

എന്നാല്, വീഡിയോ കെട്ടിച്ചമച്ചതാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ജിതൻ റാം മാഞ്ചി. നിർമിത ബുദ്ധി ഉപയോഗിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ വ്യാജ വീഡിയോ ആണിതെന്നും, തന്നെയും മുന്നണിയെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

Also read: