02/04/2026
[fontresizer_tawhidurrahmandear_widget]

‘വിഷ്ണു പ്രതിമ നിര്‍മിച്ചത് തര്‍ക്കപ്രദേശത്ത്; തകർത്തത് സുരക്ഷാ മുൻകരുതല്‍ മാത്രം’-വിശദീകരണവുമായി തായ്‌ലൻഡ്

 ‘വിഷ്ണു പ്രതിമ നിര്‍മിച്ചത് തര്‍ക്കപ്രദേശത്ത്; തകർത്തത് സുരക്ഷാ മുൻകരുതല്‍ മാത്രം’-വിശദീകരണവുമായി തായ്‌ലൻഡ്

ബാങ്കോക്ക്: തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ തർക്കപ്രദേശത്ത് സ്ഥാപിച്ചിരുന്ന വിഷ്ണു പ്രതിമ തകർത്ത സംഭവത്തിൽ വിശദീകരണവുമായി തായ്‌ലൻഡ്. പ്രതിമ നീക്കം ചെയ്തത് ഏതെങ്കിലും തരത്തിലുള്ള മതപരമായ അനാദരവ് കാണിക്കാനല്ലെന്നും, മറിച്ച് സുരക്ഷാപരമായ കാരണങ്ങളാലാണെന്നും തായ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തായ്‌ലൻഡിന്റെ ഈ പ്രതികരണം.

“ഈ നടപടികൾ മതത്തെയോ വിശ്വാസങ്ങളെയോ വിശുദ്ധമായ എന്തിനെയെങ്കിലും അനാദരിക്കാനോ ഉദ്ദേശിച്ചുള്ളതല്ല. തായ്‌ലൻഡിന്റെ പരമാധികാരത്തിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതിന് ശേഷം, പ്രദേശത്തിന്റെ പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി മാത്രമാണ് ഇത് ചെയ്തത്” – തായ്‌ലൻഡ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

തർക്കപ്രദേശമായ ‘ചോങ് അൻ മാ’യിൽ (Chong An Ma) കംബോഡിയൻ സൈനികർ നിയമവിരുദ്ധമായി പരമാധികാരം സ്ഥാപിക്കാൻ വേണ്ടിയാണ് ഈ പ്രതിമ നിർമ്മിച്ചതെന്ന് തായ് അധികൃതർ ആരോപിക്കുന്നു. തായ്‌ലൻഡിന്റെ ഭൂപ്രദേശം കൈയേറാൻ കംബോഡിയൻ സൈന്യം ബോധപൂർവം നടത്തിയ നീക്കമാണിതെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, തകർത്തത് വെറുമൊരു നിർമ്മിതിയല്ലെന്നും ബുദ്ധ, ഹിന്ദു വിശ്വാസികൾ ആരാധിച്ചുപോരുന്ന പുണ്യസ്ഥലമായിരുന്നു ഇതെന്നുമാണ് കംബോഡിയയുടെ ആരോപണം.

ഡിസംബർ 7 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്ന രൂക്ഷമായ അതിർത്തി തർക്കത്തിൽ ഇതുവരെ 86-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സാംസ്കാരിക പൈതൃകത്തിന് നേരെയുണ്ടായ ആക്രമണത്തെ ‘അനാദരവ് നിറഞ്ഞ പ്രവൃത്തി’ എന്ന് വിശേഷിപ്പിച്ച ഇന്ത്യ, സംഭവത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

Also read: