‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം’; അമേരിക്ക പാകിസ്ഥാനെ ഉപയോഗിച്ച് വലിച്ചെറിഞ്ഞെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
ഇസ്ലാമാബാദ്: അമേരിക്ക പാകിസ്ഥാനെ തന്ത്രപരമായ ആവശ്യങ്ങൾക്കായി ചൂഷണം ചെയ്ത ശേഷം ‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി’ കരുതി തള്ളിക്കളഞ്ഞുവെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്ലാമാബാദിന്റെ വിദേശനയങ്ങൾ രാജ്യത്തിന് വരുത്തിവെച്ച വിനാശകരമായ ആഘാതങ്ങളെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1999ന് ശേഷം അഫ്ഗാൻ സംഘർഷത്തിൽ അമേരിക്കയെ പിന്തുണയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ തെറ്റാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.
മതപരമായ കടമ എന്ന പേരിൽ ജിഹാദിനെ ദുരുപയോഗം ചെയ്താണ് പാകിസ്ഥാൻ പൗരന്മാരെ അന്യന്റെ യുദ്ധങ്ങളിലേക്ക് അയച്ചതെന്ന് മന്ത്രി ആരോപിച്ചു. 1980കളിലെ സോവിയറ്റ് വിരുദ്ധ യുദ്ധം ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. ഇതിനായി രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പോലും മാറ്റിയെഴുതിയത് ദീർഘകാല അസ്ഥിരതയ്ക്കും സാമൂഹിക നാശത്തിനും കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ ഭരണാധികാരികളായ സിയാഉൾ ഹഖും പർവേസ് മുഷറഫും പാകിസ്ഥാനെ ബാഹ്യയുദ്ധങ്ങളിൽ കരുക്കളാക്കി മാറ്റിയെന്ന് ഖ്വാജ ആസിഫ് വിമർശിച്ചു. 2001ലെ ഭീകരവിരുദ്ധ യുദ്ധത്തിൽ അമേരിക്കയ്‌ക്കൊപ്പം നിന്ന പാകിസ്ഥാൻ സാമ്പത്തികമായും സുരക്ഷാപരമായും തകർന്നപ്പോൾ വാഷിംഗ്ടൺ നിരുത്തരവാദപരമായി പിന്മാറിയെന്നും, ഈ നഷ്ടങ്ങൾ ഒരിക്കലും നികത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.