‘എസ്‌ഐആര്‍ കാംപയിനില്‍ ബിജെപി പ്രവര്‍ത്തകര്‍ 100% പങ്കാളിത്തം ഉറപ്പാക്കണം; താഴേതട്ടിലിറങ്ങി വോട്ടര്‍മാരെ സഹായിക്കണം’- നിര്‍ദേശവുമായി യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) കാമ്പെയ്‌നിൽ ബിജെപി പ്രവർത്തകരുടെ നൂറുശതമാനം പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ അനക്‌സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പാർട്ടി നേതാക്കൾ, കൗൺസിലർമാർ, മുൻ കൗൺസിലർമാർ, വാർഡ് തല തിരഞ്ഞെടുപ്പ് മത്സരാർത്ഥികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ ഈ സുപ്രധാന നിർദേശം.
വോട്ടർ പട്ടിക പൂർണമായും കൃത്യതയുള്ളതാക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. എസ്ഐആര്‍ ഫോമുകൾ പൂരിപ്പിക്കാൻ വോട്ടർമാരെ സഹായിക്കാൻ ആദിത്യനാഥ് പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇതിനായി ഓരോ ബൂത്ത് പ്രസിഡൻ്റ്, ബൂത്ത് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന 10 അംഗ സംഘങ്ങളെ രൂപീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ഡിസംബർ 5 മുതൽ 10 വരെ എല്ലാ ബൂത്തുകളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കണം. വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ അർഹതപ്പെട്ട എല്ലാവരുടെയും രേഖകൾ സമർപ്പിക്കുന്നുണ്ടെന്ന് ഈ സംഘങ്ങൾ ഉറപ്പാക്കണം. വീടുകൾ തോറുമുള്ള ആശയവിനിമയത്തിലൂടെ വനിതാ വോട്ടർമാരെ സഹായിക്കുന്നതിനായി ബിജെപി വനിതാ പ്രവർത്തകരുടെ പ്രത്യേക സംഘം രൂപീകരിക്കാനും യോഗി ആദിത്യനാഥ് നിർദേശിച്ചു.