31/03/2026
[fontresizer_tawhidurrahmandear_widget]

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ജവാന്മാര്‍ക്ക് വീരമൃത്യു; 11 പേര്‍ക്ക് പരിക്ക്

 ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 ജവാന്മാര്‍ക്ക് വീരമൃത്യു; 11 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം. അപകടത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

ഭദര്‍വാ-ചമ്പ റോഡിലെ ഖന്നി ടോപ്പില്‍ വെച്ചാണ് അപകടം. സൈനികര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം നിയന്ത്രണം വിട്ട് 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഉയര്‍ന്ന മലനിരകളിലെ പോസ്റ്റിലേക്ക് പോകുന്നതിനിടെയാണ് അപകടം.

നാല് സൈനികര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ആറ് പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണം 10 ആയി. രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.

പരിക്കേറ്റ 11 പേരില്‍ 10 പേരെയും വിദഗ്ധ ചികിത്സയ്ക്കായി ഉദംപൂരിലെ സൈനിക കമാന്‍ഡ് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഭദര്‍വാ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Also read: