26/01/2026

ശരീരം നല്‍കുന്ന 6 സൂചനകള്‍ നിസ്സാരമാക്കരുത്! പ്രമേഹം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 ശരീരം നല്‍കുന്ന 6 സൂചനകള്‍ നിസ്സാരമാക്കരുത്! പ്രമേഹം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലോകമെമ്പാടും പ്രമേഹ രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിച്ചുവരികയാണ്. 2021ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം 136 ദശലക്ഷം ആളുകൾ ‘പ്രീഡയബറ്റിസ്’ എന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയേക്കാൾ (70-99 mg/dL) കൂടുതലാവുകയും എന്നാൽ ടൈപ്പ് 2 പ്രമേഹമായി സ്ഥിരീകരിക്കാത്തതുമായ (100-125 mg/dL) പരിവർത്തന ഘട്ടമാണിത്. ഈ ഘട്ടത്തിൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ പ്രമേഹം വരുന്നത് പൂർണ്ണമായും തടയാൻ സാധിക്കും.

അവഗണിക്കരുതാത്ത 6 ലക്ഷണങ്ങൾ

1.വിട്ടുമാറാത്ത ക്ഷീണം: ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിച്ചാലും അനുഭവപ്പെടുന്ന കഠിനമായ ക്ഷീണം ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണമാകാം. ശരീരത്തിന് ഗ്ലൂക്കോസ് ഊർജ്ജമാക്കി മാറ്റാൻ കഴിയാതെ വരുമ്പോഴാണ് ഈ തളർച്ച അനുഭവപ്പെടുന്നത്.

2.അമിത ദാഹവും മൂത്രമൊഴിക്കലും: രക്തത്തിലെ അധിക പഞ്ചസാരയെ പുറന്തള്ളാൻ വൃക്കകൾ കഠിനമായി പരിശ്രമിക്കുന്നതിനാൽ ശരീരം പെട്ടെന്ന് നിർജ്ജലീകരണത്തിന് വിധേയമാവുകയും ദാഹം വർദ്ധിക്കുകയും ചെയ്യുന്നു.

3.ചർമ്മത്തിലെ കറുത്ത പാടുകൾ: കഴുത്തിന് പിന്നിൽ, കക്ഷം, കൈമുട്ട് തുടങ്ങിയ ഭാഗങ്ങളിൽ ചർമ്മം കട്ടിയുള്ളതും ഇരുണ്ടതുമായി കാണപ്പെടുന്നത് പ്രീഡയബറ്റിസിന്റെ പ്രധാന സൂചനയാണ്. ഇതിനെ ‘അകാന്തോസിസ് നൈഗ്രിക്കൻസ്’ എന്ന് വിളിക്കുന്നു.

4.മങ്ങിയ കാഴ്ച: രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വ്യതിയാനം കണ്ണിന്റെ ലെൻസിനെ ബാധിക്കുകയും കാഴ്ചയിൽ മങ്ങൽ അനുഭവപ്പെടുകയും ചെയ്യാം.

5.സാവധാനത്തിലുള്ള മുറിവുണങ്ങൽ: ചെറിയ മുറിവുകളോ അണുബാധകളോ സുഖപ്പെടാൻ ആഴ്ചകൾ എടുക്കുന്നത് ഉയർന്ന ഗ്ലൂക്കോസ് നിലയുടെ ഫലമാണ്.

6.ആഹാരത്തോടുള്ള അമിത ആസക്തി: ഭക്ഷണം കഴിച്ച ഉടനെ തന്നെ വീണ്ടും വിശക്കുന്നതും മധുരപലഹാരങ്ങളോടും അന്നജം അടങ്ങിയ ഭക്ഷണത്തോടും തോന്നുന്ന അമിതമായ താൽപ്പര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രതിരോധ മാർഗങ്ങൾ

പ്രീഡയബറ്റിസ് എന്നത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന രോഗമല്ല, മറിച്ച് നിങ്ങളുടെ ജീവിതശൈലി മാറ്റാനുള്ള ഒരു മുന്നറിയിപ്പാണ്.

*പരിശോധനകൾ: ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, HbA1C പരിശോധനകളിലൂടെ ഈ അവസ്ഥ നേരത്തെ തിരിച്ചറിയാം. ലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും കുടുംബത്തിൽ പ്രമേഹ ചരിത്രമുള്ളവർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

*ഭക്ഷണക്രമം: നാരുകൾ (Fiber) കൂടുതലടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർദ്ധിപ്പിക്കുന്ന ശുദ്ധീകരിച്ച പഞ്ചസാര, മൈദ തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണം

*വ്യായാമം: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ ശാരീരിക അധ്വാനം ലക്ഷ്യമിടുക. വേഗത്തിലുള്ള നടത്തം, നീന്തൽ എന്നിവ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കും.

*ഭാരം നിയന്ത്രണം: ശരീരഭാരത്തിന്റെ 5 മുതൽ 7 ശതമാനം വരെ കുറയ്ക്കുന്നത് പ്രമേഹ സാധ്യതയെ പകുതിയോളം കുറയ്ക്കും. പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് ഇൻസുലിൻ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.

നിശബ്ദനായ ഈ രോഗത്തെ തിരിച്ചറിയാൻ വൈകുന്നത് ശരീരത്തിലെ പ്രധാന അവയവങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കും. അതിനാൽ, മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ ഉപദേശം തേടുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുക. ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് വലിയ ആരോഗ്യപ്രശ്‌നങ്ങളെ പടിക്കൽ കെട്ടിയിടാൻ നമുക്ക് സാധിക്കും.

Also read: