ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി വീണ്ടും അബുദാബി; പത്താം വർഷവും ഒന്നാം സ്ഥാനത്ത്
അബുദാബി: സുരക്ഷയുടെയും സമാധാനത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പത്ത് വർഷങ്ങൾ പിന്നിട്ട് അബുദാബി. ആഗോള നഗരങ്ങളുടെ സുരക്ഷാ സൂചിക പുറത്തുവിടുന്ന ‘നംബിയോ’ (Numbeo) ഗ്ലോബൽ സേഫ്റ്റി ഇൻഡക്‌സിലാണ് യുഎഇ തലസ്ഥാനമായ അബുദാബി വീണ്ടും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായ പത്താം വർഷമാണ് ഈ ചരിത്രനേട്ടം അബുദാബിയെ തേടിയെത്തുന്നത്. 150ലധികം രാജ്യങ്ങളിലായി 400ഓളം നഗരങ്ങളെ വിലയിരുത്തി തയ്യാറാക്കിയ 2026ലെ റിപ്പോർട്ടിലാണ് അബുദാബി ഒന്നാമതെത്തിയത്.
നിയമപാലനത്തിനപ്പുറം ആധുനിക സാങ്കേതികവിദ്യയും മാനുഷികമായ ഇടപെടലുകളും സമന്വയിപ്പിച്ചുള്ള പോലീസിംഗ് രീതിയാണ് അബുദാബിയെ സുപ്രധാനനേട്ടത്തിന് അർഹമാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പ്രവചനാത്മക വിശകലനം (Predictive Analytics) തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അപകടങ്ങൾ മുൻകൂട്ടി കണ്ട് തടയാൻ പോലീസിന് സാധിക്കുന്നു. കനത്ത നിരീക്ഷണത്തേക്കാൾ ഉപരിയായി, ജനങ്ങളുടെ മനസ്സിൽ സുരക്ഷിതബോധം വളർത്താനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൂൺ അൽ മുഹൈരി വ്യക്തമാക്കി.
പകൽ സമയത്തും രാത്രിയിലും ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് നടക്കാൻ സാധിക്കുന്ന സുരക്ഷിതമായ സാഹചര്യം അബുദാബിയുടെ മാത്രം പ്രത്യേകതയാണ്. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അനുഭവപ്പെടുന്ന ഈ സുരക്ഷിതത്വം നഗരത്തിന്റെ ജീവിതനിലവാരത്തെയും സാമ്പത്തിക വളർച്ചയെയും സ്വാധീനിക്കുന്നുണ്ട്. മികച്ച രീതിയിലുള്ള തെരുവ് വിളക്കുകളുടെ വിന്യാസം, കാര്യക്ഷമമായ പട്രോളിംഗ്, ജനങ്ങളുമായുള്ള കൃത്യമായ ആശയവിനിമയം എന്നിവ കുറ്റകൃത്യങ്ങളുടെ നിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു.
അബുദാബിക്ക് പുറമെ യുഎഇയിലെ മറ്റ് എമിറേറ്റുകളും സുരക്ഷാ റാങ്കിംഗിൽ മികച്ച മുന്നേറ്റമാണ് നടത്തിയത്. ദുബായ്, ഷാർജ, റാസൽഖൈമ, അജ്മാൻ എന്നീ നഗരങ്ങളും പട്ടികയിൽ മുൻനിരയിലുണ്ട്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യമായി യുഎഇ മാറുന്നതിന്റെ പ്രധാന കാരണം ഇത്തരം വ്യവസ്ഥാപിതമായ സുരക്ഷാ നടപടികളാണ്.