നേടുന്ന ട്രോഫികളെല്ലാം നേരെ ഗുരുഗ്രാമിലേക്ക്; കോഹ്ലിയുടെ ‘സമ്പാദ്യം’ ആ പ്രിയപ്പെട്ട കരങ്ങളില്‍ സുരക്ഷിതം- ആ രഹസ്യം വെളിപ്പെടുത്തി സൂപ്പര്‍ താരം
ജയ്പൂർ: കളിക്കളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമ്പോഴും വിരാട് കോഹ്ലിക്ക് ലഭിക്കുന്ന പുരസ്കാരങ്ങൾ എങ്ങോട്ടാണ് പോകുന്നത്? മുംബൈയിലെ ആഡംബര വസതിയിലാണോ ഇവ സൂക്ഷിക്കുന്നത്? അതോ ലണ്ടനിലെ ബംഗ്ലാവിലോ? ഒന്നുമല്ല, തന്റെ കരിയറിലെ വിലപ്പെട്ട ട്രോഫികളെല്ലാം സൂക്ഷിച്ചുവെക്കാൻ കോഹ്ലി ഏൽപ്പിച്ചിരിക്കുന്നത് ഗുരുഗ്രാമിലുള്ള ഒരാളെയാണ്; സ്വന്തം അമ്മയെ.
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയ ശേഷം സംസാരിക്കുമ്പോഴാണ് കോഹ്ലി ആ രഹസ്യം പരസ്യമാക്കിയത്. മത്സരം ജയിച്ചതിനെക്കാൾ, തന്റെ ട്രോഫികൾക്ക് പിന്നിലെ ഈ കുഞ്ഞുകഥയാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്.
പുരസ്കാരങ്ങൾ എവിടെയാണ് സൂക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് കോഹ്ലി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “സത്യം പറഞ്ഞാൽ എനിക്കറിയില്ല. ഞാൻ അതെല്ലാം ഗുരുഗ്രാമിലെ എന്റെ അമ്മയുടെ അടുത്തേക്ക് അയക്കുകയാണ് ചെയ്യാറ്. അമ്മയ്ക്ക് അത് സൂക്ഷിച്ചു വെക്കാൻ വലിയ ഇഷ്ടമാണ്.”
അതേസയം, അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് തികയ്ക്കുന്ന ലോകത്തെ ഏറ്റവും വേഗമേറിയ താരമെന്ന റെക്കോർഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് കോഹ്‌ലി വിസ്മയ നേട്ടം കൈവരിച്ചത്.
തന്റെ 624-ാം ഇന്നിംഗ്‌സിലാണ് കോഹ്‌ലി 28,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ന്യൂസിലൻഡ് ലെഗ് സ്പിന്നർ ആദിത്യ അശോകിനെ ബൗണ്ടറി പായിച്ചുകൊണ്ടാണ് കോഹ്‌ലി ഈ ചരിത്ര നേട്ടത്തിലെത്തിയത്. സച്ചിൻ ടെണ്ടുൽക്കർ (644 ഇന്നിങ്സ്), കുമാർ സംഗക്കാര (666 ഇന്നിങ്സ്) എന്നിവരാണ് ഈ പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് 37കാരനായ കോഹ്‌ലി.