13/06/2026
[fontresizer_tawhidurrahmandear_widget]

‘ഓക്‌സിജന്‍ നില50 ആയി താഴ്ന്നു;എഴുന്നേറ്റുനില്‍ക്കാന്‍കഴിയാത്ത സ്ഥിതിയില്‍’ അയ്യരുടെ കൂടുതല്‍ ആരോഗ്യ നില പുറത്ത്

 ‘ഓക്‌സിജന്‍ നില50 ആയി താഴ്ന്നു;എഴുന്നേറ്റുനില്‍ക്കാന്‍കഴിയാത്ത സ്ഥിതിയില്‍’ അയ്യരുടെ കൂടുതല്‍ ആരോഗ്യ നില പുറത്ത്

ഓസ്‌ട്രേലിയ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഗുരുതരമായ പരിക്കില്‍നിന്ന് പൂര്‍ണമായി മോചനം നേടാത്തതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യത. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യര്‍ ഇപ്പോള്‍ നാട്ടില്‍ വിശ്രമത്തിലാണ്.

അയ്യര്‍ നേരിട്ട പരിക്കിന്റെ തീവ്രത ആദ്യഘട്ടത്തില്‍ കരുതിയതിലും ഗുരുതരമായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തിന്റെ ഓക്‌സിജന്‍ നില 50 വരെ താഴ്ന്നു. അദ്ദേഹത്തിന് നേരെ നില്‍ക്കാനോ നടക്കാനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഏകദേശം പത്ത് മിനിറ്റോളം അദ്ദേഹത്തിന് നില്‍ക്കാന്‍ കഴിഞ്ഞില്ല. ചുറ്റുമുള്ളതെല്ലാം മങ്ങിയതായി അനുഭവപ്പെട്ടുവെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ, സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് അലക്സ് കാരിയെ പുറത്താക്കാന്‍ ഡൈവിങ് കാച്ച് എടുക്കുന്നതിനിടയിലാണ് അയ്യര്‍ക്ക് പരിക്കേറ്റത്. ഒക്ടോബര്‍ 25ന് നടന്ന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വയറിലെ പ്ലീഹയുടെ ഉള്ളില്‍ രക്തസ്രാവവും മുറിവും സംഭവിച്ചതാണ് പരിക്കിന് കാരണം.

വേദനയുടെ തീവ്രത കാരണം ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ചെറിയ ശസ്ത്രക്രിയയിലൂടെ രക്തസ്രാവം നിയന്ത്രിച്ച ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.

കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ട അയ്യര്‍ ഇപ്പോഴും മെഡിക്കല്‍ നിരീക്ഷണത്തിലാണ്. പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ഒരു മാസത്തിലധികം സമയം ആവശ്യമുണ്ടെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ താരത്തെ പെട്ടെന്ന് ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ സെലക്ഷന്‍ കമ്മിറ്റിക്കും ബോര്‍ഡിനും താല്‍പര്യമില്ല.

നവംബര്‍ 14-ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്ക് ശേഷം റാഞ്ചി, റായ്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കളിക്കാനുള്ളത്.

ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും അയ്യര്‍ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പങ്കുവച്ചു. ‘സൂര്യന്‍ വലിയ ചികിത്സയാണ്. തിരികെയെത്തിയതില്‍ സന്തോഷം. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പരിചരണത്തിനും നന്ദി,’ എന്ന കുറിപ്പോടെ ബീച്ചില്‍ ഇരിക്കുന്ന ചിത്രം അയ്യര്‍ പങ്കുവച്ചിരുന്നു.

Also read: