ഫലസ്തീൻ തടവുകാർക്കായി മുതലകൾ ചുറ്റുമുള്ള ജയിൽ; ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം
ഫലസ്തീൻ തടവുകാരെ പാർപ്പിക്കുന്നതിനായി ചുറ്റും മുതലകളാൽ നിറഞ്ഞ കിടങ്ങുകളുള്ള അതീവ സുരക്ഷാ ജയിൽ നിർമ്മിക്കാനുള്ള വിവാദ നീക്കവുമായി ഇസ്രായേൽ. തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ ആണ് ഈ വിചിത്രമായ നിർദ്ദേശം മുന്നോട്ടുവെച്ചത്. ജയിൽ ചാട്ടം തടയുന്നതിനുള്ള സ്വാഭാവിക പ്രതിരോധമായാണ് ഭരണകൂടം ഈ മനുഷ്യത്വഹീന പ്രവൃത്തിയെ അവതരിപ്പിക്കുന്നത്.
പദ്ധതിയുടെ പ്രായോഗികത പഠിക്കുന്നതിനായി ഇസ്രായേൽ ജയിൽ സർവീസ് (ഐ.പി.എസ്) ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വടക്കൻ ഇസ്രായേലിലെ ഹമത് ഗാദിറിലുള്ള മുതല ഫാം സന്ദർശിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ബ്രിഗേഡിയർ ജനറൽ ഹാറ്റേം അസ്സമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. മുതലകളുടെ പെരുമാറ്റം, അവയെ കൈകാര്യം ചെയ്യേണ്ട രീതികൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവ ഉദ്യോഗസ്ഥർ പഠിച്ചുവരികയാണ്. ഏകദേശം 250 മുതലകളുള്ള ഈ ഫാമിൽ നിന്ന് 60 മുതലകളെ ജയിലിന് ചുറ്റുമുള്ള കിടങ്ങുകളിൽ വിന്യസിക്കാനാണ് ആലോചന. ഒരു ചെറിയ മുതലയ്ക്ക് 8,000 ഡോളറും വലിയവയ്ക്ക് 20,000 ഡോളറും ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ഫ്ലോറിഡയിലെ എവർഗ്ലേഡ്‌സ് മേഖലയിൽ ആലോചിച്ചിരുന്ന ജയിൽ മാതൃകയിൽ നിന്നാണ് ഇതിനുള്ള പ്രചോദനം ലഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘അലിഗേറ്റർ അൽകാട്രാസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മാതൃക, മതിൽക്കെട്ടുകൾക്ക് പകരം വന്യജീവികൾ നിറഞ്ഞ സ്വാഭാവിക പരിസ്ഥിതിയെ ജയിൽ അതിർത്തിയായി ഉപയോഗിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു.
ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ ഇസ്രായേലിന് അകത്തും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. ‘മൃഗീയമായ അധിനിവേശത്തിന്റെ മറ്റൊരു ഭീകരമുഖം’ എന്നാണ് പ്രമുഖ ഇസ്രായേലി മനുഷ്യാവകാശ സംഘടന ബിസെലെം ഇതിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ നിലവിൽ എത്തിനിൽക്കുന്ന അധഃപതനത്തിന്റെ തെളിവാണിതെന്ന് ബിസെലെം അധ്യക്ഷ ഒർലി നോയ് രൂക്ഷമായി വിമർശിച്ചു. ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ബെൻ-ഗ്വീറിന്റെ തടവറ നയങ്ങളെ നിരന്തരം വിമർശിക്കാറുണ്ട്.