‘ചൈന-പാക് സഖ്യം മേഖലയ്ക്ക് ഭീഷണി’; ഇന്ത്യയുടെ സഹായം തേടി പാകിസ്താനിലെ ബലൂച് നേതാവ്
ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയും തമ്മില്‍ വളര്‍ന്നുവരുന്ന തന്ത്രപരമായ സഖ്യം മേഖലയ്ക്ക് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കി ബലൂച് മനുഷ്യാവകാശ പ്രവര്‍ത്തകനും നേതാവുമായ മിര്‍ യാര്‍ ബലൂച്ച്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ബലൂചിസ്ഥാനിലെ നിലവിലെ ഗുരുതര സാഹചര്യം വിവരിച്ചത്. വരും മാസങ്ങളില്‍ ചൈനീസ് സൈന്യം ബലൂചിസ്ഥാന്‍ മണ്ണില്‍ നേരിട്ട് വിന്യസിക്കപ്പെട്ടേക്കാമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അദ്ദേഹം കത്തില്‍ നടത്തിയിട്ടുണ്ട്.
ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബീജിംഗും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുകയാണ്. ബലൂചിസ്ഥാന്‍ ജനതയുടെ താല്പര്യങ്ങള്‍ അവഗണിച്ച് ചൈനീസ് സൈന്യം അവിടെ നിലയുറപ്പിക്കുന്നത് ഇന്ത്യയുടെയും ബലൂചിസ്ഥാന്റെയും ഭാവി സുരക്ഷയ്ക്ക് സങ്കല്‍പ്പിക്കാനാവാത്ത ഭീഷണിയുയര്‍ത്തുമെന്ന് മിര്‍ ബലൂച്ച് ചൂണ്ടിക്കാട്ടി. ബലൂച് പ്രതിരോധ സേനകളെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ മേഖലയില്‍ നേരിട്ടുള്ള ചൈനീസ് കടന്നുകയറ്റം തടയാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
2025ല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന്‍ പ്രായോജിത ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപടിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നീക്കം പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യയുടെ മാതൃകാപരമായ ധൈര്യമാണ് കാട്ടുന്നതെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു.
ബലൂചിസ്ഥാന്‍ ആഗോള നയതന്ത്ര വാരം
2025 മെയ് മാസത്തില്‍ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി അവകാശപ്പെട്ട ബലൂച് നേതാക്കള്‍ 2026 ജനുവരി ആദ്യവാരം ‘ബലൂചിസ്ഥാന്‍ ആഗോള നയതന്ത്ര വാരമായി’ ആഘോഷിക്കുമെന്നും അറിയിച്ചു. ആറ് കോടി ബലൂച് ജനതയുടെ പേരില്‍ ഇന്ത്യക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന അദ്ദേഹം ഹിംഗ്ലാജ് മാതാ ക്ഷേത്രം ഉള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മീയവും സാംസ്‌കാരികവുമായ ബന്ധത്തിന്റെ പ്രതീകമാണെന്നും അനുസ്മരിച്ചു.
എഴുപത്തിയൊമ്പത് വര്‍ഷമായി തുടരുന്ന പാക് അടിച്ചമര്‍ത്തലില്‍ നിന്നും ഭീകരതയില്‍ നിന്നും മോചനം നേടാന്‍ ഇന്ത്യയുടെ വലിയ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.