മുസ്തഫിസിനെ വെട്ടിയതിന് പ്രതികാരം; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു
ധാക്ക: 2026 ഐപിഎൽ സീസണുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കായിക ബന്ധത്തിൽ വൻ വിള്ളൽ. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെകെആർ) നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ നീക്കത്തിന് പിന്നാലെ, ഐപിഎൽ സംപ്രേഷണം രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചുകൊണ്ട് ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു.
2026ലെ ഐപിഎൽ ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ ഫ്രാഞ്ചൈസിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ബിസിസിഐ വിശദീകരിച്ചെങ്കിലും, കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാൻ ബോർഡ് തയ്യാറായില്ല. ഇത് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ബിസിസിഐയുടെ തീരുമാനത്തിന് പിന്നിൽ യാതൊരുവിധ യുക്തിയുമില്ലെന്ന് ബംഗ്ലാദേശ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഏകപക്ഷീയമായ നിലപാട് ബംഗ്ലാദേശിലെ ജനങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും പൊതുതാൽപ്പര്യം മുൻനിർത്തി ഐപിഎൽ സംപ്രേഷണം തടയുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 26 മുതൽ ഐപിഎൽ മത്സരങ്ങളോ അതുമായി ബന്ധപ്പെട്ട പരിപാടികളോ രാജ്യത്തെ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യാൻ പാടില്ലെന്നാണ് കർശന നിർദ്ദേശം.
ബംഗ്ലാദേശിൽ നിലനിൽക്കുന്ന ചില രാഷ്ട്രീയ സാഹചര്യങ്ങൾക്കെതിരെ ഇന്ത്യയിൽ ഉയർന്നുവന്ന വികാരമാണ് ബിസിസിഐയുടെ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. കെകെആർ ഉടമ ഷാരൂഖ് ഖാനെതിരെയും ഫ്രാഞ്ചൈസിക്കെതിരെയും ഇന്ത്യയിലെ ചില വിഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നത് ബിസിസിഐയെ സമ്മർദ്ദത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്.
വിവാദം മുറുകുന്നതിനിടെ, 2026ലെ ടി20 ലോകകപ്പിന്റെ ആതിഥേയത്വത്തെ ചൊല്ലിയും ബംഗ്ലാദേശ് നിലപാട് കടുപ്പിച്ചു. ഇന്ത്യയിൽ നടക്കേണ്ട ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് കത്തയച്ചു. ഇതോടെ വരാനിരിക്കുന്ന രാജ്യാന്തര ടൂർണമെന്റുകളുടെ നടത്തിപ്പും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഏഷ്യയിലെ പ്രമുഖ ക്രിക്കറ്റ് ശക്തികൾ തമ്മിലുള്ള പോര് ആഗോള ക്രിക്കറ്റ് ഭൂപടത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.