ഒടുവില്‍ ബിസിസിഐ ഇടപെടല്‍; മുസ്തഫിസുറഹ്മാനെ ടീമില്‍നിന്നു പുറത്താക്കാന്‍ കെ.കെ.ആറിന് നിര്‍ദേശം
ഷാരൂഖ് ഖാന്‍, മുസ്തഫിസുറഹ്മാന്‍
മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ഐ.പി.എല്ലിനെയും ബാധിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആര്‍) ഒന്‍പത് കോടിയെറിഞ്ഞ് ടീമിലെത്തിച്ച ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ ബി.സി.സി.ഐ ഫ്രാഞ്ചൈസിക്ക് നിര്‍ദേശം നല്‍കി.
2026 ഐ.പി.എല്‍ സീസണിലേക്കുള്ള ലേലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് കെ.കെ.ആര്‍ മുസ്തഫിസുറിനെ സ്വന്തമാക്കിയത്. എന്നാല്‍, ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തെ റിലീസ് ചെയ്യാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ സുപ്രധാന ഇടപെടല്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും, അതിനെതിരെ ഇന്ത്യയില്‍ ഉയരുന്ന പ്രതിഷേധങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ചത്. കെ.കെ.ആര്‍ ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിനെതിരെ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാനെ പോലും സ്റ്റേഡിയത്തില്‍ കയറ്റില്ലെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഷാരൂഖ് രാജ്യദ്രോഹിയാണെന്ന് ആരോപിച്ച് ഏതാനും ഹിന്ദു സന്യാസികളും രംഗത്തെത്തിയിരുന്നു.
മുസ്തഫിസിനെ ഒഴിവാക്കുന്നതോടെ പകരക്കാരനായ മറ്റൊരു താരത്തെ ടീമിലെടുക്കാന്‍ കെ.കെ.ആറിന് ബി.സി.സി.ഐ അനുമതി നല്‍കിയിട്ടുണ്ട്. ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 9.20 കോടി രൂപയ്ക്കാണ് കെ.കെ.ആര്‍ ബംഗ്ലാ താരത്തെ ലേലത്തില്‍ പിടിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും താരത്തിനായി രംഗത്തുണ്ടായിരുന്നു.
കളിക്കളത്തിന് പുറത്തുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ഐ.പി.എല്ലിനെ ബാധിക്കുന്നത് ഇതാദ്യമല്ലെങ്കിലും, ലേലം കഴിഞ്ഞ ശേഷം ഒരു താരത്തെ ഒഴിവാക്കാന്‍ ഫ്രാഞ്ചൈസിയോട് ബോര്‍ഡ് ആവശ്യപ്പെടുന്നത് അപൂര്‍വമാണ്.