ഗ്യാസും വയറുവേദനയും അലട്ടുന്നുണ്ടോ? പുതിന നൽകും ആശ്വാസം; അറിയാം 10 ഗുണങ്ങൾ
ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്നതിലുപരി പുതിനയില ആരോഗ്യസംരക്ഷണത്തില്‍ മുഖ്യമായ പങ്കുവഹിക്കുന്നതായി പഠനങ്ങള്‍. ലോകമെമ്പാടും സുലഭമായി കാണപ്പെടുന്ന ഇവ ദഹനപ്രശ്‌നങ്ങള്‍ക്കും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും മികച്ച പരിഹാരമാണ്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) പോലുള്ള രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പുതിനയുടെ ഉപയോഗം വലിയ ആശ്വാസം നല്‍കുന്നുണ്ട്.
വെറും ഒരു കലോറി മാത്രം അടങ്ങിയിട്ടുള്ള പുതിനയിലയില്‍ വിറ്റാമിന്‍ എ, സി എന്നിവയുടെ സാന്നിധ്യവുമുണ്ട്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ ഇവ ബാക്ടീരിയകളെ നശിപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ‘പുതിന വെള്ളം’ ശരീരത്തിന് ഉന്മേഷം നല്‍കുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പുതിനയിലയുടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 10 പ്രധാന ഗുണങ്ങള്‍ താഴെ പറയുന്നവയാണ്:
- ദഹനസംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കുന്നു
പുതിന ചായയായോ ഭക്ഷണത്തിലോ ഉള്‍പ്പെടുത്തുന്നത് ദഹന പ്രക്രിയ സുഗമമാക്കാന്‍ സഹായിക്കും. ഇത് വയറിലെ ഗ്യാസ് കുറയ്ക്കാനും ഭക്ഷണത്തിന് ശേഷം അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഫലപ്രദമാണ്.
- IBS ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നു
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) ഉള്ളവര്‍ക്ക് പെപ്പര്‍മിന്റ് ഓയില്‍ കാപ്‌സ്യൂളുകള്‍ മികച്ച ആശ്വാസം നല്‍കുന്നു. ഇത് കുടലിലെ പേശികളെ റിലാക്‌സ് ചെയ്യിപ്പിക്കുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു.
- ദഹനക്കേടും വയറു വീര്‍ക്കലും തടയുന്നു
പുതിനയിലയും പെപ്പര്‍മിന്റ് ഓയിലും ദഹനക്കേട് (Indigestion) മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. കാരവേ ഓയിലിനൊപ്പം ഇത് ഉപയോഗിക്കുന്നത് വയറു നിറഞ്ഞു നില്‍ക്കുന്ന അവസ്ഥ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
- ഓക്കാനം (Nausea) കുറയ്ക്കുന്നു
യാത്രയ്ക്കിടയിലോ ശസ്ത്രക്രിയയ്ക്ക് ശേഷമോ ഉണ്ടാകുന്ന ഓക്കാനം കുറയ്ക്കാന്‍ പുതിനയുടെ ഗന്ധം ശ്വസിക്കുന്നത് (Aromatherapy) ഗുണകരമാണ്. ഇത് മനസ്സിനും ശരീരത്തിനും ആശ്വാസം നല്‍കുന്നു.
- തലവേദനയ്ക്ക് ആശ്വാസം
ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്ക് നേര്‍പ്പിച്ച പെപ്പര്‍മിന്റ് ഓയില്‍ നെറ്റിയില്‍ പുരട്ടുന്നത് ഫലപ്രദമാണ്. ഇതിലെ മെന്തോള്‍ രക്തയോട്ടം മെച്ചപ്പെടുത്തുകയും തണുപ്പ് നല്‍കുകയും ചെയ്യുന്നു.
- ജലദോഷത്തില്‍ നിന്നും ആശ്വാസം
ജലദോഷവും ശ്വാസതടസ്സവും ഉള്ളപ്പോള്‍ പുതിനയിലയിലടങ്ങിയ മെന്തോള്‍ ശ്വസിക്കുന്നത് മൂക്കിലെ തടസ്സം നീങ്ങുന്ന പ്രതീതി നല്‍കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യുന്നു.
- വായ്‌നാറ്റം അകറ്റുന്നു
പുതിനയുടെ ബാക്ടീരിയ വിരുദ്ധ ഗുണങ്ങള്‍ വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ നശിപ്പിക്കുന്നു. ഇത് ശ്വാസത്തിന് പെട്ടെന്ന് പുതുമ നല്‍കാന്‍ സഹായിക്കുന്നു.
- മികച്ച ആന്റിഓക്‌സിഡന്റ്
പുതിനയില്‍ റോസ്മാരിനിക് ആസിഡ് പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനും വീക്കം (Inflammation) കുറയ്ക്കാനും സഹായിക്കുന്നു.
- ചര്‍മ്മത്തിലെ ചൊറിച്ചിലും വേദനയും കുറയ്ക്കുന്നു
മെന്തോള്‍ അടങ്ങിയ ക്രീമുകള്‍ പുരട്ടുന്നത് ചെറിയ പേശി വേദനകള്‍ക്കും ചര്‍മ്മത്തിലെ ചൊറിച്ചിലിനും തണുപ്പ് നല്‍കുന്നതിലൂടെ ആശ്വാസം നല്‍കുന്നു.
- കലോറി കുറഞ്ഞ ആരോഗ്യകരമായ രുചി
ഭക്ഷണത്തിലും വെള്ളത്തിലും (Mint Water) പുതിന ചേര്‍ക്കുന്നത് കലോറി കൂട്ടാതെ തന്നെ രുചി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കൂടുതല്‍ വെള്ളം കുടിക്കാനും ശരീരം ഹൈഡ്രേറ്റഡ് ആയിരിക്കാനും സഹായിക്കുന്നു.
പുതിനയുടെ ഉപയോഗത്തില്‍ ചില മുന്‍കരുതലുകള്‍ ആവശ്യമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് (GERD) ഉള്ളവര്‍ പുതിന ഉപയോഗിക്കുന്നത് രോഗലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കാം. ചര്‍മ്മത്തില്‍ നേരിട്ട് പുതിന എണ്ണ പുരട്ടുന്നത് അലര്‍ജിക്ക് കാരണമായേക്കാമെന്നതിനാല്‍ മിതമായ അളവില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.