‘ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിലെത്തുന്നത്, സമാധിയിൽ പുഷ്പാർച്ചന നടത്താനുള്ള അവകാശമില്ലേ?’ എൻ.എസ്.എസ് നേതൃത്വത്തിനെതിരെ സി.വി ആനന്ദബോസ്
ന്യൂഡൽഹി: മന്നത്ത് പത്മനാഭന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ച എൻ.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. ഡൽഹിയിൽ നടന്ന മന്നം അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് ഏതൊരു നായർ സമുദായംഗത്തിന്റെയും അവകാശമാണെന്നും, ഗേറ്റ് കീപ്പറെ കാണാനല്ല താൻ പെരുന്നയിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നത്താചാര്യന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തണമെന്ന ആഗ്രഹം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെ അറിയിച്ചിരുന്നു. അവിടെയെത്തിയ തനിക്ക് ചായ സൽക്കാരവും സ്വീകരണവും നൽകി തിരികെ അയച്ചതല്ലാതെ, സമാധിയിൽ പുഷ്പാർച്ചന നടത്താനുള്ള അവസരം നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു സാധാരണ ഗ്രാമത്തിൽ മലയാളം മീഡിയത്തിൽ പഠിച്ചു വളർന്ന തനിക്ക് ഐ.എ.എസും പിന്നീട് ഗവർണർ പദവിയും ലഭിച്ചത് കരയോഗങ്ങളുടെ അനുഗ്രഹം കൊണ്ടാണെന്ന് ആനന്ദബോസ് സ്മരിച്ചു. മന്നം സ്മാരകം ഏതെങ്കിലും വ്യക്തിയുടെ സ്വത്തല്ലെന്നും എല്ലാ നായന്മാർക്കും അവിടെ അവകാശമുണ്ടെന്നും പറഞ്ഞ അദ്ദേഹം, നേതൃത്വത്തിന്റെ നടപടി സമുദായംഗങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കൂട്ടിച്ചേർത്തു.