27/01/2026

‘1995 മുതൽ ലൈംഗികമായി പീഡിപ്പിക്കുന്നു’; 48കാരിയുടെ പീഡന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു

 ‘1995 മുതൽ ലൈംഗികമായി പീഡിപ്പിക്കുന്നു’; 48കാരിയുടെ പീഡന പരാതിയിൽ  സിപിഎം നേതാവിനെതിരെ കേസെടുത്തു

കാസർകോട്: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം കുമ്പള മുൻ ഏരിയ സെക്രട്ടറി എസ്. സുധാകരനെതിരെ പോലീസ് കേസെടുത്തു. എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്‌കൂൾ അധ്യാപകനുമായ സുധാകരനെതിരെ കാസർകോട് വനിതാ പോലീസാണ് കേസെടുത്തത്. ഡിജിപിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. 48 വയസ്സുള്ള വീട്ടമ്മ നൽകിയ പരാതിയിൽ പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

1995 മുതൽ സുധാകരൻ തന്നെ പീഡിപ്പിച്ചുവരികയാണെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സുധാകരൻ പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. ഇതിനിടെ സുധാകരന്റെ ഭീഷണി ഭയന്ന് പരാതിക്കാരിയുടെ ആദ്യ ഭർത്താവ് അവരെയും മക്കളെയും ഉപേക്ഷിച്ചു പോയി. പിന്നീട് 2009ൽ കോൺഗ്രസ് പ്രവർത്തകൻ ജബ്ബാറിനെ വധിച്ച കേസിൽ സുധാകരൻ ജയിലിലായി. ശിക്ഷിക്കപ്പെട്ട ഇയാൾ മേൽക്കോടതി വിധിയിലൂടെയാണ് പിന്നീട് പുറത്തിറങ്ങിയത്.

ജയിൽ മോചിതനായ ശേഷം താൻ രണ്ടാം വിവാഹം കഴിച്ച് കഴിയുന്ന സമയത്തും സുധാകരൻ ലോഡ്ജിൽ എത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതിക്കാരി ആരോപിക്കുന്നു.പരാതി പിൻവലിച്ചില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും കുടുംബത്തെ ഒന്നടങ്കം വധിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പറഞ്ഞു.

സംഭവം വിവാദമായതോടെ സുധാകരനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പീഡന പരാതി അന്വേഷിക്കാനായി മൂന്നംഗ കമ്മീഷനെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്.

Also read: