ദീപക്കിന്റെ ആത്മഹത്യ: ഷിംജിത അറസ്റ്റിൽ; പിടിയിലായത് ഒളിവിൽ കഴിയുന്നതിനിടെ
കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്റെ ആത്മഹത്യയെത്തുടർന്ന് കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കകം വൈറലായ വീഡിയോ 23 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതിനു പിന്നാലെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ബസ്സിലുണ്ടായിരുന്ന യാത്രക്കാരോ ജീവനക്കാരോ ഇത്തരമൊരു അതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഷിംജിതയുടെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
കേസിൽ ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ബസ് ജീവനക്കാരുടെയും സഹയാത്രികരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.