എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും ഒടുവില്‍ നീതി; ഐ.ടി നോട്ടീസുകള്‍ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും എതിരെ ആദായനികുതി വകുപ്പ് നല്‍കിയ നോട്ടീസുകള്‍ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. 2016-ല്‍ നല്‍കിയ നികുതി പുനര്‍നിര്‍ണയ നോട്ടീസുകളാണ് കോടതി റദ്ദാക്കിയത്. ഉദ്യോഗസ്ഥരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി, ആദായ നികുതി വകുപ്പിന് രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി.
ജസ്റ്റിസുമാരായ ദിനേഷ് മേത്ത, വിനോദ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ആദായ നികുതി വകുപ്പിന്റെ നടപടി നിയമവിരുദ്ധവും അധികാരപരിധി ലംഘിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരേ കാര്യത്തിന് വീണ്ടും വീണ്ടും പരിശോധന നടത്തുന്നത് പൗരന്മാരെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണ്. അത് അരാജകത്വത്തിന് വഴിവെക്കുമെന്നും കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. പ്രണോയ് റോയ്ക്കും രാധിക റോയ്ക്കും ഒരു ലക്ഷം രൂപ വീതം പിഴയായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
2009-10 സാമ്പത്തിക വര്‍ഷത്തില്‍ എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സില്‍നിന്ന് റോയ് ദമ്പതികള്‍ പലിശരഹിത വായ്പ കൈപ്പറ്റിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ 2011-ല്‍ ആദായനികുതി വകുപ്പ് പരിശോധിക്കുകയും 2013-ല്‍ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍, ഇതേ വിഷയത്തില്‍ 2016-ല്‍ വീണ്ടും നോട്ടീസ് അയച്ചതാണ് നിയമപോരാട്ടത്തിലേക്ക് നയിച്ചത്. ഇതിനെതിരെ 2017-ല്‍ റോയ് ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു.
ഈ നിയമനടപടികളും സാമ്പത്തിക സമ്മര്‍ദങ്ങളും നിലനില്‍ക്കെയാണ് എന്‍ഡിടിവിയുടെ ഉടമസ്ഥാവകാശം ഗൗതം അദാനിയുടെ കൈകളിലെത്തുന്നത്. 2009-ല്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്സ് വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) എന്ന കമ്പനിയില്‍നിന്ന് 403 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. ഈ വായ്പ തിരിച്ചടയ്ക്കാത്ത പക്ഷം അത് ഓഹരികളാക്കി മാറ്റാമെന്ന വ്യവസ്ഥയുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം, 2022 ഓഗസ്റ്റില്‍ അദാനി ഗ്രൂപ്പ് ഇതേ വിസിപിഎല്‍ കമ്പനിയെ സ്വന്തമാക്കി. തുടര്‍ന്ന് വായ്പാ വ്യവസ്ഥകള്‍ ഉപയോഗിച്ച് എന്‍ഡിടിവിയുടെ 29.18% ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഇതിനുപിന്നാലെ ഓപണ്‍ ഓഫറിലൂടെ കൂടുതല്‍ ഓഹരികള്‍ സമാഹരിച്ച് 2022 അവസാനത്തോടെ എന്‍ഡിടിവിയുടെ നിയന്ത്രണം പൂര്‍ണമായും അദാനി ഗ്രൂപ്പിന്റെ കൈകളിലെത്തി. സ്ഥാപകരായ പ്രണോയ് റോയിക്കും രാധിക റോയിക്കും ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പടിയിറങ്ങേണ്ടിയും വന്നു.
നിയമക്കുരുക്കുകളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും എന്‍ഡിടിവിയെ വരിഞ്ഞുമുറുക്കിയ കാലഘട്ടത്തിന് ശേഷമാണ് ഈ ഏറ്റെടുക്കല്‍ നടന്നത് എന്നത് ശ്രദ്ധേയമാണ്. ഇപ്പോള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി റോയ് ദമ്പതികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുകയാണു കോടതി.