’ആദ്യം ഷൂട്ട്; സംസാരം പിന്നെ’; ഗ്രീന്‍ലാന്‍ഡ് പിടിച്ചടക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ യുദ്ധസന്നാഹവുമായി ഡെന്മാർക്ക്
കോപന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അമേരിക്കയും ഡെന്‍മാര്‍ക്കും തമ്മിലുള്ള തര്‍ക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്ക സൈനിക നീക്കം നടത്തിയാല്‍ മേലുദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തുനില്‍ക്കാതെ വെടിവയ്ക്കുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.
ശീതയുദ്ധകാലത്ത് 1952-ല്‍ പുറപ്പെടുവിച്ച പ്രത്യേക സൈനിക ഉത്തരവ് ഉദ്ധരിച്ചാണ് ഡെന്‍മാര്‍ക്ക് നിലപാട് കടുപ്പിച്ചത്. വിദേശശക്തികളില്‍ നിന്നും ഭീഷണിയുണ്ടായാല്‍ അനുമതിക്കായി കാത്തുനില്‍ക്കാതെ സൈന്യത്തിന് തിരിച്ചടിക്കാം എന്നതാണ് ഈ നിയമം. 1940-ല്‍ നാസി ജര്‍മനി ഡെന്‍മാര്‍ക്കിനെ ആക്രമിച്ചപ്പോഴുണ്ടായ ആശയവിനിമയ തടസ്സങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിയമം അന്ന് രൂപീകരിച്ചത്.
ഗ്രീന്‍ലാന്‍ഡിന് നേരെയുള്ള ഏത് നീക്കത്തെയും അധിനിവേശമായി കണക്കാക്കുമെന്നും, സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ ജോയിന്റ് ആര്‍ട്ടിക് കമാന്‍ഡിന് അധികാരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ട്രംപിന്റെ മോഹവും ഡെന്‍മാര്‍ക്കിന്റെ പ്രതിരോധവും
ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ് നിലവിലെ പ്രകോപനത്തിന് കാരണം. ആര്‍ട്ടിക് മേഖലയില്‍ റഷ്യയുടെയും ചൈനയുടെയും സ്വാധീനം വര്‍ധിക്കുന്നത് തടയാന്‍ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കണമെന്നാണ് ട്രംപിന്റെ വാദം.
കേവലമൊരു കരാറിനേക്കാള്‍ ഗ്രീന്‍ലാന്‍ഡിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശമാണ് അമേരിക്ക ലക്ഷ്യമിടുന്നത്.എന്നാല്‍, ഗ്രീന്‍ലാന്‍ഡ് വില്‍പനയ്ക്കുള്ളതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡ് ഭരണകൂടവും. അമേരിക്ക മറ്റൊരു നാറ്റോ അംഗരാജ്യത്തെ ആക്രമിക്കാന്‍ മുതിരുന്നത് സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ മുന്നറിയിപ്പ് നല്‍കി.
നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നു
വിഷയം പരിഹരിക്കാന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലാന്‍ഡ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിവരികയാണ്.
വരും ദിവസങ്ങളില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഡാനിഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരാനാണ് ഡെന്‍മാര്‍ക്കിന്റെ തീരുമാനം. 1951-ലെ കരാര്‍ പ്രകാരം നിലവില്‍ ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കയ്ക്ക് സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ അനുമതിയുണ്ട്.