27/01/2026

‘ഗ്രീൻലാൻഡിൽ തൊട്ടാൽ നാറ്റോ ബാക്കിയുണ്ടാകില്ല’; യുഎസിന് മുന്നറിയിപ്പുമായി ഡെന്മാർക്ക്

 ‘ഗ്രീൻലാൻഡിൽ തൊട്ടാൽ നാറ്റോ ബാക്കിയുണ്ടാകില്ല’; യുഎസിന് മുന്നറിയിപ്പുമായി ഡെന്മാർക്ക്

കോപ്പൻഹേഗൻ: ഗ്രീൻലാൻഡിനെച്ചൊല്ലി അമേരിക്കയും ഡെന്മാർക്കും തമ്മിലുള്ള നയതന്ത്ര പോരാട്ടം മുറുകുന്നു. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചാൽ അത് നാറ്റോ സൈനിക സഖ്യത്തിന്റെ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ മുന്നറിയിപ്പ് നൽകി. ആർട്ടിക് ദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകളാണ് ഡെന്മാർക്കിനെ ചൊടിപ്പിച്ചത്.

വെനിസ്വേലൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ട്രംപ് നടത്തിയ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘ഒരു നാറ്റോ രാജ്യം മറ്റൊരു അംഗരാജ്യത്തെ സൈനികമായി ആക്രമിക്കാൻ മുതിർന്നാൽ നിലവിലെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം അപ്രസക്തമാകും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കെട്ടിപ്പടുത്ത സമാധാനവും സുരക്ഷയുമാണ് ഇതിലൂടെ അപകടത്തിലാകുന്നത്,’ ഫ്രെഡറിക്‌സെൻ വ്യക്തമാക്കി.

20 ദിവസത്തിനുള്ളിൽ ഗ്രീൻലാൻഡ് വിഷയത്തിൽ നിർണ്ണായക തീരുമാനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ദ്വീപ് പിടിച്ചെടുക്കുന്നതിനെ പിന്തുണയ്ക്കുന്ന ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ പ്രത്യേക ദൂതനായി അദ്ദേഹം നിയമിക്കുകയും ചെയ്തു. ഗ്രീൻലാൻഡ് ഭൂപടത്തിൽ അമേരിക്കൻ പതാക ആലേഖനം ചെയ്തുകൊണ്ടുള്ള യുഎസ് ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

എന്നാൽ ഈ പ്രകോപനങ്ങളെ ഗ്രീൻലാൻഡ് ഭരണകൂടം തള്ളിക്കളഞ്ഞു. തങ്ങളുടെ രാജ്യം വിൽപ്പനയ്ക്കുള്ളതല്ലെന്നും ഇത്തരം പ്രതീകാത്മക ആംഗ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്‌ഫ്രെഡറിക് നീൽസൺ പറഞ്ഞു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ അമേരിക്കയുടെ ഭാഗത്തുനിന്നും ബഹുമാനത്തോടെയുള്ള സഹകരണമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്ത്രപ്രധാനമായ സ്ഥാനവും വൻതോതിലുള്ള ധാതുശേഖരവുമാണ് ഗ്രീൻലാൻഡിന് മേൽ അമേരിക്ക കണ്ണുവെക്കാൻ കാരണം. മേഖലയിൽ റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വർധിക്കുന്നത് തടയാൻ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ വാദം.

അമേരിക്കയുടെ ഭീഷണിക്കെതിരെ ഡെന്മാർക്കിന് പൂർണ്ണ പിന്തുണയുമായി ബ്രിട്ടനും പോളണ്ടും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നാറ്റോ സഖ്യത്തിനുള്ളിലെ ആഭ്യന്തര കലഹം യൂറോപ്പിന്റെ സുരക്ഷയെ ബാധിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കും മുന്നറിയിപ്പ് നൽകി.

Also read: