എലത്തൂർ കൊലപാതകം: മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്; ജ്യൂസിൽ ഉറക്കഗുളിക നൽകിയെന്ന് കണ്ടെത്തൽ
കോഴിക്കോട്: എലത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി മൊഴി നൽകി. വൈശാഖനെ ഇന്ന് കൊലപാതകം നടന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതിയിപ്പോൾ.
കഴിഞ്ഞ ശനിയാഴ്ചയാണ് വൈശാഖൻ തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് യുവതിയെ വിളിച്ചുവരുത്തിയത്. കൊലപാതകത്തിന് മുൻപായി യുവതിക്ക് ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് ‘ഒരുമിച്ച് മരിക്കാം’ എന്ന് വിശ്വസിപ്പിച്ച് ഇരുവരും കഴുത്തിൽ കുരുക്കിടുകയും, യുവതി നിന്ന സ്റ്റൂൾ വൈശാഖൻ തട്ടിമാറ്റുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം, ആരോ തൂങ്ങിനിൽക്കുന്നുണ്ടെന്ന് പറഞ്ഞ് ഭാര്യയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചു.
ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് നിർണ്ണായകമായത്. തെളിവ് നശിപ്പിക്കാൻ വൈശാഖൻ ശ്രമിച്ചെങ്കിലും അതിനുമുൻപേ പൊലീസ് ഇടപെടുകയായിരുന്നു. ആശുപത്രിയിൽ മൃതദേഹം എത്തിക്കുന്ന സമയത്ത് ചിലർ അവിടേക്ക് വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.