28/03/2026
[fontresizer_tawhidurrahmandear_widget]

മുഹമ്മദ് ഷമിക്കും സഹോദരനും എസ്‌ഐആര്‍ ഹിയറിങ്ങിന് ഹാജരാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 മുഹമ്മദ് ഷമിക്കും സഹോദരനും എസ്‌ഐആര്‍ ഹിയറിങ്ങിന് ഹാജരാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മുഹമ്മദ് ഷമി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരന്‍ ഹസീബ് അഹമ്മദിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായുള്ള ‘സമ്മറി ഇന്‍ക്വയറി റിപ്പോര്‍ട്ട്’ ഹിയറിങ്ങിനായാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടികയില്‍ മുഹമ്മദ് ഷമിയും സഹോദരനും ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പരിശോധനകള്‍ ആവശ്യമായി വന്നിരിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. സാധാരണഗതിയില്‍ വോട്ടര്‍ പട്ടികയിലെ താമസസ്ഥലം, വിലാസം എന്നിവ സംബന്ധിച്ച് തര്‍ക്കങ്ങളോ പരാതികളോ ഉണ്ടാകുമ്പോഴാണ് ഇത്തരം ഹിയറിങ്ങുകള്‍ നടത്താറുള്ളത്.

ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയായ മുഹമ്മദ് ഷമി, ഏറെക്കാലമായി കൊല്‍ക്കത്തയിലാണ് താമസിക്കുന്നത്. എന്നാല്‍, വോട്ടര്‍ പട്ടികയിലെ വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും, ഇരുവരും യഥാര്‍ഥത്തില്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ സ്ഥിരതാമസക്കാരാണോ എന്ന് പരിശോധിക്കുന്നതിനുമാണ് ‘സമ്മറി ഇന്‍ക്വയറി’ നടത്തുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരായി രേഖകള്‍ സമര്‍പ്പിക്കാനോ വിശദീകരണം നല്‍കാനോ ആണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കമ്മീഷന്‍ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള തീവ്രശ്രമത്തിലാണ്. പരിക്കിനെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫിയിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തിയ ഷമിക്ക്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേരിട്ട് ഹാജരാകേണ്ടി വരും.

Also read: