‘അമേരിക്കയ്ക്ക് സര്‍വാധിപത്യമുള്ള ലോകക്രമം അവസാനിക്കുന്നു’-ദാവോസില്‍ കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി
ഡൊണാള്‍ഡ് ട്രംപ്, മൈക്ക് കാര്‍ണി
ദാവോസ്: അമേരിക്കന്‍ സര്‍വാധിപത്യം അസ്തമിക്കാന്‍ പോകുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. യുഎസ് മേധാവിത്വത്തിന് കീഴിലുള്ള നിലവിലെ ലോകക്രമം ചെറിയ മാറ്റത്തിലൂടെയല്ല, വലിയൊരു തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രത്യേക പ്രസംഗത്തിലാണ് കാര്‍ണി ആഗോള രാഷ്ട്രീയത്തിലെ ഈ നിര്‍ണായക മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
ലോകം ഇത്രയും നാള്‍ വിശ്വസിച്ചിരുന്ന ‘നിയമാധിഷ്ഠിത ലോകക്രമം'(Rules-based order) ഒരു മിഥ്യയായിരുന്നെന്നും, അത് അസ്തമിക്കാന്‍ പോകുകയാണെന്നും കാര്‍ണി തുറന്നടിച്ചു. ‘ശക്തര്‍ അവര്‍ക്ക് കഴിയുന്നത് ചെയ്യുന്നു, ദുര്‍ബലര്‍ അവര്‍ക്ക് വിധിക്കപ്പെട്ടത് അനുഭവിക്കുന്നു’ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൊണാള്‍ഡ് ട്രംപിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും, അമേരിക്ക തങ്ങളുടെ സാമ്പത്തിക ശക്തിയെ മറ്റ് രാജ്യങ്ങളെ കീഴ്‌പ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കുന്നുവെന്ന് കാര്‍ണി കുറ്റപ്പെടുത്തി.
ആഗോള വന്‍ശക്തികളുടെ പോരാട്ടത്തില്‍ കാനഡയെപ്പോലുള്ള ഇടത്തരം രാജ്യങ്ങള്‍ ജാഗ്രത പാലിക്കണം. ‘നിങ്ങള്‍ ചര്‍ച്ചാ മേശയില്‍ ഇല്ലെങ്കില്‍, നിങ്ങള്‍ മെനുവില്‍ ഉണ്ടാകും’ എന്ന പ്രശസ്തമായ മുന്നറിയിപ്പും അദ്ദേഹം നല്‍കി. വന്‍ശക്തികളുടെ ഭീഷണികള്‍ക്ക് വഴങ്ങുന്നതിന് പകരം, സമാന ചിന്താഗതിയിലുള്ള രാജ്യങ്ങള്‍ ഒന്നിച്ചുനിന്ന് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അമേരിക്കയുടെ ഏകപക്ഷീയമായ നിലപാടുകള്‍ക്കുള്ള മറുപടിയെന്നോണം, യൂറോപ്യന്‍ യൂനിയന്‍, ചൈന, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുമായി കാനഡ പുതിയ വ്യാപാര-പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ചതായും കാര്‍ണി അറിയിച്ചു. ഗ്രീന്‍ലാന്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ഡെന്മാര്‍ക്കിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.