ഇറാൻ വിപ്ലവ ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യൂറോപ്യൻ യൂനിയൻ
ബ്രസൽസ്: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ നടക്കുന്ന നടപടികൾ ചൂണ്ടിക്കാട്ടി ഇറാൻ വിപ്ലവ ഗാർഡിനെതിരെ നടപടിയുമായി യൂറോപ്യൻ യൂനിയൻ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ(ഐആർജിസി) ഇ.യു ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. അൽ-ഖാഇദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരസംഘടനകൾക്ക് നൽകുന്ന അതേ പരിഗണനയാണ് ഇനി ഇറാനിലെ ഏറ്റവും ശക്തമായ സൈനിക വിഭാഗമായ ഐ.ആർ.ജി.സിക്കും ലഭിക്കുകയെന്ന് ഇ.യു ഉന്നത നയതന്ത്രജ്ഞ കാജ കല്ലാസ് വ്യക്തമാക്കി.
‘സ്വന്തം ജനതയിൽ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കുന്ന ഭരണകൂടം സ്വന്തം നാശത്തിലേക്കാണ് നീങ്ങുന്നത്. ഈ അടിച്ചമർത്തലുകൾക്ക് മറുപടി നൽകാതിരിക്കാനാവില്ല,’ കാജ കല്ലാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാനുമായുള്ള നയതന്ത്ര വാതിലുകൾ തുറന്നിടുമെങ്കിലും, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലെന്നാണ് യൂറോപ്യൻ യൂനിയൻ വ്യക്തമാക്കിയത്.
ഡിസംബറിലും ജനുവരിയിലുമായി നടന്ന പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ അടിച്ചമർത്തലാണിതെന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട് ബ്രസൽസിൽ പറഞ്ഞത്. നേരത്തെ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെടുമോ എന്ന ഭയത്താൽ വിപ്ലവ ഗാർഡിനെ കരിമ്പട്ടികയിൽ പെടുത്താൻ മടിച്ചിരുന്ന ഫ്രാൻസ്, ഇത്തവണ ഇറ്റലിക്കൊപ്പം ചേർന്ന് ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് പുറമെ, ഇറാന്റെ ആഭ്യന്തര മന്ത്രി ഇസ്‌കന്ദർ മൊമേനി, പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മുവഹെദി ആസാദ്, ജഡ്ജി ഇമാൻ അഫ്ഷാരി എന്നിവരടക്കം 15 വ്യക്തികൾക്കും ആറ് സ്ഥാപനങ്ങൾക്കും ഇയു പുതിയ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.