മദ്യപിച്ച് വാഹനാപകടം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ അറസ്റ്റിൽ
ഗാന്ധിനഗർ: മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് മൂന്ന് കാറുകളിൽ ഇടിച്ച സംഭവത്തിൽ മുൻ ബറോഡ രഞ്ജി ടീം ക്യാപ്റ്റൻ കൂടിയായ ജേക്കബ് മാർട്ടിൻ അറസ്റ്റിൽ. അകോട്ട പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ 2.30ഓടെ വഡോദരയിലെ മൽഹാർ പോയിന്റിന് സമീപമായിരുന്നു അപകടം.
അമിതമായി മദ്യപിച്ച് മാർട്ടിൻ ഓടിച്ച എസ്‌യുവി നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ 52കാരനായ മാർട്ടിനെ പോലീസ് പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഇൻസ്‌പെക്ടർ ഡി.വി. ബൽദാനിയ അറിയിച്ചു.
മദ്യവുമായി ബന്ധപ്പെട്ട കുറ്റത്തിന് ഇത് മൂന്നാം തവണയാണ് മാർട്ടിനെതിരെ കേസെടുക്കുന്നത്. നേരത്തെ 2013ൽ ഗോത്രി പോലീസും, അതിനു മുൻപ് റാവുപുര പോലീസും സമാനമായ കുറ്റങ്ങൾക്ക് ഇയാളെ പിടികൂടിയിരുന്നു. 2011ൽ വ്യാജ ക്രിക്കറ്റ് ടീമിനെ ഉപയോഗിച്ച് യുകെയിലേക്ക് ആളെ കടത്തിയെന്ന കേസിൽ ഡൽഹി പോലീസും താരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് അന്ന് റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന മാർട്ടിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള മാർട്ടിൻ, 138 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 9,192 റൺസ് നേടിയിട്ടുണ്ട്. 2018ലുണ്ടായ അപകടത്തിൽ മാർട്ടിന് ഗുരുതരമായി പരിക്കേറ്റപ്പോൾ സൗരവ് ഗാംഗുലി, ബിസിസിഐ, ബറോഡ ക്രിക്കറ്റ് അസോസിയേഷൻ എന്നിവർ സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരുന്നു.