27/01/2026

മുന്‍ നാവികസേനാ മേധാവിക്കും എസ്‌ഐആര്‍ ഹിയറിങ്ങിന് ഹാജരാകാന്‍ തെര. കമ്മീഷന്റെ നോട്ടീസ്

 മുന്‍ നാവികസേനാ മേധാവിക്കും എസ്‌ഐആര്‍ ഹിയറിങ്ങിന് ഹാജരാകാന്‍ തെര. കമ്മീഷന്റെ നോട്ടീസ്

റിട്ട. അഡ്മിറല്‍ അരുണ്‍ പ്രകാശ്

പനാജി: 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിലെ പോരാളിയും മുന്‍ നാവികസേനാ മേധാവിയുമായ റിട്ട. അഡ്മിറല്‍ അരുണ്‍ പ്രകാശിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുടെ ഭാഗമായാണ്, തിരിച്ചറിയല്‍ രേഖയുമായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ഗോവയില്‍ സ്ഥിരതാമസമാക്കിയ 82കാരനായ അരുണ്‍ പ്രകാശിനും 78കാരിയായ ഭാര്യ കുങ്കുവിനും വെവ്വേറെ ദിവസങ്ങളില്‍ പനജിയിലെ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ, നൊബേല്‍ ജേതാവ് അമര്‍ത്യ സെന്നിനും എസ്‌ഐആര്‍ നോട്ടീസ് ലഭിച്ചത് വലിയ വിവാദമായിരുന്നു.

ബൂത്ത് ലെവല്‍ ഓഫീസര്‍ മൂന്ന് തവണ വീട്ടില്‍ വന്ന് പരിശോധന നടത്തുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടും, 18 കിലോമീറ്റര്‍ അകലെയുള്ള ഓഫീസില്‍ വയോധികരായ ദമ്പതികള്‍ നേരിട്ടെത്താന്‍ ആവശ്യപ്പെട്ടതാണ് വിവാദത്തിനിടയാക്കിയത്. ഇത്ര കാലമായിട്ടും ഒരു രേഖയും സമര്‍പ്പിക്കേണ്ടി വന്നിട്ടില്ലെന്നും ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. എസ്‌ഐആറിന്റെ ഭാഗമായി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കകുകയും ഗോവയുടെ 2026-ലെ കരട് വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് വരികയും ചെയ്തതാണ്. ഇതിനുശേഷവും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുകയാണെന്നും റിട്ട. അഡ്മിറല്‍ അരുണ്‍ പ്രകാശ് ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും, രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് അരുണ്‍ പ്രകാശ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും വിദ്വേഷ പ്രസംഗങ്ങളിലും അദ്ദേഹം സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ, ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണോ ഈ നീക്കമെന്ന സംശയം സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ് ഇതിനെതിരെ രംഗത്തെത്തി. അമര്‍ത്യ സെന്നിന് സമാനമായ നോട്ടീസ് ലഭിച്ചത് ചൂണ്ടിക്കാട്ടിയ അവര്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ വോട്ടവകാശം നിഷേധിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നതായി വിമര്‍ശിച്ചു.

അതേസമയം, നിയമം എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണെന്നും ഇതില്‍ തെറ്റില്ലെന്നും വാദിക്കുന്നവരുണ്ട്. സൗത്ത് ഗോവ എം.പി ക്യാപ്റ്റന്‍ വിരിയാറ്റോ ഫെര്‍ണാണ്ടസിനും സമാനമായ നോട്ടീസ് ലഭിച്ചിരുന്നു. അനര്‍ഹരെ ഒഴിവാക്കാനും അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്താനുമാണു പരിശോധനയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Also read: