10/06/2026
[fontresizer_tawhidurrahmandear_widget]

കൊടി സുനി വയനാട് നടത്തിയ പാര്‍ട്ടിയിലേക്കും അന്വേഷണം; കൈതപ്പൊയിലില്‍ ഹസ്നയുടെ മരണത്തില്‍ ലഹരി മാഫിയ ബന്ധം തേടി പോലീസ്

 കൊടി സുനി വയനാട് നടത്തിയ പാര്‍ട്ടിയിലേക്കും അന്വേഷണം; കൈതപ്പൊയിലില്‍ ഹസ്നയുടെ മരണത്തില്‍ ലഹരി മാഫിയ ബന്ധം തേടി പോലീസ്

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ കാക്കൂര്‍ സ്വദേശിനി ഹസ്നയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ഉന്നതങ്ങളിലേക്ക്. ടി.പി വധക്കേസ് പ്രതി കൊടി സുനി പങ്കെടുത്ത വയനാട്ടിലെ ആഘോഷ പാര്‍ട്ടിയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹസ്നയും കേസിലെ സംശയിക്കപ്പെടുന്ന വ്യക്തിയായ ആദിലും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.

വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ടി.പി കേസ് കുറ്റവാളി കൊടി സുനി പങ്കെടുത്തിരുന്നു. ഇതേ പാര്‍ട്ടിയില്‍ ഹസ്നയും ആദിലും ഉണ്ടായിരുന്നോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇവരുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടാല്‍ കേസ് അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങും.

ഈ പാര്‍ട്ടിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കൊടി സുനിയുമായി ആദിലിനുള്ള ബന്ധം എന്താണെന്നും പോലീസ് അന്വേഷിക്കുന്നു. ഹസ്നയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ ആദിലിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് ലഹരി സംഘങ്ങളുമായുള്ള ബന്ധം പോലീസ് പരിശോധിക്കുന്നുണ്ട്.

ഹസ്‌നയുടെ പുറത്തുവന്ന ശബ്ദസന്ദേശത്തിലാണ് കൊടി സുനിയെ കുറിച്ചും താമരശ്ശേരിയിലെ ഗുണ്ടാ നേതാവായ ഷിബുവിനെ കുറിച്ചും പറയുന്നത്. ഇവരുമായുള്ള ലഹരി ഇടപാടിനെ കുറിച്ചെല്ലാം താന്‍ പുറത്തുപറയുമെന്ന് ആദിലിന് അയച്ച സന്ദേശത്തില്‍ യുവതി പറയുന്നുണ്ട്.

ഹസ്നയുടെ മരണത്തില്‍ തുടക്കം മുതല്‍ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. വയനാട്ടിലെ പാര്‍ട്ടിയും അതില്‍ പങ്കെടുത്തവരും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതോടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കൊടി സുനിയെപ്പോലൊരു കൊടുംകുറ്റവാളി പങ്കെടുത്ത പാര്‍ട്ടിയില്‍ യുവതിയും സുഹൃത്തും എത്തിയിട്ടുണ്ടെങ്കില്‍ അത് കേവലം സൗഹൃദ സന്ദര്‍ശനമായിരിക്കില്ലെന്നും, ഇതിന് പിന്നില്‍ വന്‍ ലഹരി ഇടപാടുകളോ മറ്റ് ക്രിമിനല്‍ ബന്ധങ്ങളോ ഉണ്ടായേക്കാമെന്നും പോലീസ് സംശയിക്കുന്നു.

Also read: