01/04/2026
[fontresizer_tawhidurrahmandear_widget]

‘ഏത് ആക്രമണവും നേരിടാന്‍ സൈന്യം പൂര്‍ണസജ്ജം; ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ വില നല്‍കേണ്ടിവരും’; മുന്നറിയിപ്പുമായി ഇറാന്‍

 ‘ഏത് ആക്രമണവും നേരിടാന്‍ സൈന്യം പൂര്‍ണസജ്ജം; ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും നീക്കമുണ്ടായാല്‍ വലിയ വില നല്‍കേണ്ടിവരും’; മുന്നറിയിപ്പുമായി ഇറാന്‍

ഇസ്മായില്‍ ബഗായി

തെഹ്റാന്‍: ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാന്‍ ഇറാന്റെ സായുധ സേന പൂര്‍ണ സജ്ജമാണെന്ന് ഇറാന്‍. വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബഗായി ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയെയും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ ആഭ്യന്തര വിഷയങ്ങളില്‍ അമേരിക്കയും ഇസ്രയേലും ഇടപെടുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സൈന്യത്തിന്റെ മുന്നൊരുക്കത്തെ കുറിച്ച് വക്താവ് പ്രതികരിച്ചത്. ‘ഇറാനെതിരെ എന്തെങ്കിലും സാഹസികതയ്ക്ക് മുതിര്‍ന്നാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും. ഞങ്ങളുടെ സായുധ സേന ഏത് ഭീഷണിയെയും നേരിടാന്‍ തയ്യാറാണ്,’ ഇസ്മായില്‍ ബഗായി പറഞ്ഞു.

രാജ്യസുരക്ഷയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരായ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇറാന്‍ മടിക്കില്ലെന്നും, ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ ഞങ്ങളുടെ ജനത ധൈര്യത്തോടെ നിലകൊള്ളുന്നു. ഞങ്ങളുടെ സൈനിക സജ്ജീകരണം ഓരോ നിമിഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍കാലങ്ങളിലെന്നപോലെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ സൈന്യം തയ്യാറാണ്,’-ബഗായി പറഞ്ഞു.

കലാപങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യക്തമായ ഇടപെടലുകളാണെന്ന് അദ്ദേഹം ആരോപിച്ചു. സാമ്പത്തിക അസ്ഥിരതയെത്തുടര്‍ന്ന് വ്യാപാരികള്‍ നടത്തിയ സമാധാനപരമായ പ്രതിഷേധങ്ങളെ, യുഎസ്-ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും മാധ്യമങ്ങളും ചേര്‍ന്ന് അക്രമാസക്തമാക്കുകയായിരുന്നുവെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. ഈ ഇടപെടലുകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും ബഗായി കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ദൂതനും തമ്മിലുള്ള ആശയവിനിമയ ചാനല്‍ തുറന്നിട്ടുണ്ടെന്ന് ബഗായി സ്ഥിരീകരിച്ചു. ഔദ്യോഗികമായി സ്വിസ് എംബസി വഴിയുള്ള ചാനലിന് പുറമെയാണിത്. ഇറാന്‍ ഒരിക്കലും ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും എന്നാല്‍ അര്‍ത്ഥവത്തായതും പരസ്പര ബഹുമാനത്തിലൂന്നിയതുമായ ചര്‍ച്ചകളാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ ലബനാന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. ലബനാന്റെ അഖണ്ഡത സംരക്ഷിക്കുക എന്നത് ഇറാനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: