06/03/2026
[fontresizer_tawhidurrahmandear_widget]

ചൈനീസ്-റഷ്യൻ പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ഹോർമുസ് കടലിടുക്കിൽ ഇറാനുമായി ചേർന്ന് സംയുക്ത നാവികാഭ്യാസം

 ചൈനീസ്-റഷ്യൻ പടക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്; ഹോർമുസ് കടലിടുക്കിൽ ഇറാനുമായി ചേർന്ന് സംയുക്ത നാവികാഭ്യാസം

തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതിയും സംഘർഷവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുത്ത് കൂട്ടാൻ ഇറാൻ. റഷ്യയുമായും ചൈനയുമായും കൈകോർത്ത് ഒമാൻ ഉൾക്കടലിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും വമ്പൻ സംയുക്ത നാവിക അഭ്യാസത്തിനാണ് ഇറാൻ ഒരുങ്ങുന്നത്. ‘മറൈൻ സെക്യൂരിറ്റി ബെൽറ്റ്’ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം വരും ദിവസങ്ങളിൽ നടക്കുമെന്ന് അൽ ജസീറയും പ്രസ് ടിവിയും റിപ്പോർട്ട് ചെയ്യുന്നു.

ഇറാന് നേരെ അമേരിക്കൻ സൈനിക ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് ലോകശക്തികളായ റഷ്യയെയും ചൈനയെയും കൂട്ടുപിടിച്ച് ഇറാൻ നാവിക അഭ്യാസത്തിന് വേദിയൊരുക്കുന്നത്. ഇത് പാശ്ചാത്യ ശക്തികൾക്കുള്ള വ്യക്തമായ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

വടക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലാണ് ഈ വർഷത്തെ അഭ്യാസം നടക്കുക. 2019-ൽ ഇറാൻ നാവികസേനയുടെ മുൻകൈയിൽ ആരംഭിച്ച ഈ സംയുക്ത അഭ്യാസത്തിന്റെ എട്ടാം പതിപ്പാണിത്. ഇറാൻ നാവികസേന, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ചൈനീസ് നാവികസേന, റഷ്യൻ നാവികസേന എന്നിവർ അഭ്യാസത്തിൽ പങ്കുചേരും.

ഏകദേശം മൂന്നാഴ്ച മുൻപ് ദക്ഷിണാഫ്രിക്കയിൽ നടന്ന ‘എക്സർസൈസ് ഓഫ് പീസ് വിൽ 2026’ എന്ന ബഹുരാഷ്ട്ര നാവിക അഭ്യാസത്തിന് ശേഷമാണ് പുതിയ നീക്കം. ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമായുള്ള ആദ്യത്തെ പ്രതിരോധ സഹകരണമായിരുന്നു അത്. കപ്പലുകൾ തട്ടിയെടുക്കുന്നത് തടയുക, കടലിലെ രക്ഷാപ്രവർത്തനം, മെഡിക്കൽ ഇവാക്വേഷൻ തുടങ്ങിയവയായിരുന്നു അവിടെ പരിശീലിച്ചത്. ബ്രിക്സ് കേവലം ഒരു സാമ്പത്തിക കൂട്ടായ്മ എന്നതിലുപരി ഒരു സുരക്ഷാ സഖ്യമായി മാറുന്നതിന്റെ സൂചനയായാണ് ഈ തുടർച്ചയായ സൈനിക അഭ്യാസങ്ങളെ നിരീക്ഷകർ കാണുന്നത്.

ലക്ഷ്യങ്ങൾ എന്തൊക്കെ?

ഇന്ത്യൻ മഹാസമുദ്രത്തിലും ഗൾഫ് മേഖലയിലുമുള്ള അമേരിക്കൻ സൈനിക സാന്നിധ്യത്തിനും പാശ്ചാത്യ സമ്മർദങ്ങൾക്കും എതിരെ റഷ്യയും ചൈനയും ഇറാനും ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകുകയാണ് നാവികാഭ്യാസത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഊർജ-വ്യാപാര പാതകൾ സംരക്ഷിക്കുന്നതിൽ സ്വയംപര്യാപ്തരാണെന്ന് തെളിയിക്കുക. ചൈനയെ സംബന്ധിച്ചിടത്തോളം പേർഷ്യൻ ഗൾഫിൽ നിന്നുള്ള ഊർജ ഇറക്കുമതി സുരക്ഷിതമാക്കേണ്ടത് അനിവാര്യമാണ്.

മൂന്ന് രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ആശയവിനിമയവും പ്രവർത്തന ഏകോപനവും വർധിപ്പിക്കുക, ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും മേൽക്കോയ്മയെ വെല്ലുവിളിച്ച്, ഗ്ലോബൽ സൗത്തിൽ (Global South) ഒരു ബദൽ സുരക്ഷാ സംവിധാനം ഒരുക്കാനുള്ള നീക്കമായും ഈ അഭ്യാസപ്രകടനങ്ങൾ വിലയിരുത്തപ്പെടുന്നുണ്ട്.

Also read: