26/01/2026

മൊസാദ് ചാരന്മാരെ പിടികൂടി ഇറാന്‍; പ്രതിഷേധത്തിനിടയില്‍ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് സൈന്യം

 മൊസാദ് ചാരന്മാരെ പിടികൂടി ഇറാന്‍; പ്രതിഷേധത്തിനിടയില്‍ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് സൈന്യം

തെഹ്റാന്‍: ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ‘മൊസാദി’ന്റെ ഏജന്റുമാരെ പിടികൂടിയതായി ഇറാന്‍ സുരക്ഷാ സേന വെളിപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ജനകീയ പ്രതിഷേധങ്ങളെ മുതലെടുത്ത് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനാണ് വിദേശ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

തെഹ്റാനിലെ പ്രതിഷേധക്കാര്‍ക്കിടയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഏജന്റാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് ഇന്‍സ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. യുവാക്കളെ അക്രമത്തിന് പ്രേരിപ്പിക്കുക, സംഘര്‍ഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശ മാധ്യമങ്ങള്‍ക്ക് നല്‍കുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ചുമതലകളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങളും വീഡിയോകളും നിര്‍മിച്ച് കലാപം ആളിക്കത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് 40 പേരെയും തെഹ്റാനില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഴയ വീഡിയോകളും വ്യാജ ദൃശ്യങ്ങളും ഉപയോഗിച്ച് രാജ്യത്ത് വലിയ കലാപം നടക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിനിടെ ബൊറൂജെര്‍ഡില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട നാലംഗ സായുധ സംഘത്തെയും ആയുധങ്ങള്‍ സഹിതം പിടികൂടിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അക്രമസംഭവങ്ങളില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. തെഹ്റാനിലെ മലാര്‍ഡിലും സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലുമാണ് പോലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

Also read: