31/03/2026
[fontresizer_tawhidurrahmandear_widget]

‘ഇറാന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ നില്‍ക്കരുത്; ആക്രമണത്തിന് കാത്തുനില്‍ക്കില്ല; ഭീഷണി കണ്ടാല്‍ കനത്ത പ്രഹരം ഏല്‍ക്കേണ്ടിവരും’- മുന്നറിയിപ്പുമായി ഇറാന്‍ ഡിഫന്‍സ് കൗണ്‍സില്‍

 ‘ഇറാന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ നില്‍ക്കരുത്; ആക്രമണത്തിന് കാത്തുനില്‍ക്കില്ല; ഭീഷണി കണ്ടാല്‍ കനത്ത പ്രഹരം ഏല്‍ക്കേണ്ടിവരും’- മുന്നറിയിപ്പുമായി ഇറാന്‍ ഡിഫന്‍സ് കൗണ്‍സില്‍

തെഹ്റാന്‍: അമേരിക്കയുമായും ഇസ്രയേലുമായിട്ടുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. തങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വ്യക്തമായ ഭീഷണിയുണ്ടായാല്‍, ആക്രമണം നടക്കുന്നതുവരെ കാത്തുനില്‍ക്കില്ലെന്നും കനത്ത പ്രഹരമുണ്ടാകുമെന്നും ഇറാന്റെ പുതുതായി രൂപീകരിച്ച ഡിഫന്‍സ് കൗണ്‍സില്‍ (പ്രതിരോധ സമിതി) വ്യക്തമാക്കി.

ഇന്നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും പ്രാദേശിക അഖണ്ഡതയുമെല്ലാം ‘ചുവപ്പ് രേഖ’ ആണെന്നും അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സമിതി മുന്നറിയിപ്പ് നല്‍കി. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള വാക്കുകള്‍ വെറും പ്രകോപനത്തിനപ്പുറം പ്രവൃത്തികളിലേക്ക് നീങ്ങുകയാണെങ്കില്‍ അതിനെ ശത്രുതാപരമായ നടപടിയായി കണക്കാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

നിയമപരമായ പ്രതിരോധത്തിന്റെ ഭാഗമായി, ഒരു ആക്രമണം നടന്ന ശേഷം മാത്രം പ്രതികരിക്കുക എന്ന രീതി ഇറാന്‍ ഉപേക്ഷിക്കുകയാണ്. ഭീഷണിയുടെ വ്യക്തമായ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് സുരക്ഷാ വിലയിരുത്തലിന്റെ ഭാഗമായി കണ്ട് നടപടിയെടുക്കും. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതോ ദേശീയ താല്‍പര്യങ്ങളെ ഹനിക്കുന്നതോ ആയ നീക്കങ്ങളെ ആനുപാതികവും നിര്‍ണായകവുമായ തിരിച്ചടിയിലൂടെ നേരിടുമെന്നും ഡിഫന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉത്തരവ് പ്രകാരമാണ് ഡിഫന്‍സ് കൗണ്‍സില്‍ രൂപീകരിച്ചത്. ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാവുകയും, പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്റെ പുതിയ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്. പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തിയാല്‍ ഇറാന്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

Also read: