ഇറാനിൽ പ്രതിഷേധക്കാർ ഐസിസ് മാതൃകയിലുള്ള ക്രൂരതകൾ അഴിച്ചുവിടുന്നതായി റിപ്പോർട്ടുകൾ
തെഹ്‌റാൻ: ഇറാനിൽ ആഴ്ചകളായി തുടരുന്ന രാജ്യവ്യാപകമായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലേക്ക് മാറിയതായി റിപ്പോർട്ടുകൾ. പ്രതിഷേധക്കാർ ഭീകര സംഘടനയായ ഐസിസിന് സമാനമായ രീതിയിലുള്ള അക്രമങ്ങളാണ് നടത്തുന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുമുതൽ നശിപ്പിക്കൽ, തീവെപ്പ്, സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ എന്നിവ പ്രകടനക്കാർ നടത്തുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചുസംഘർഷങ്ങളിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
സന്നദ്ധപ്രവർത്തകർക്കും പോലീസ് സേനയ്ക്കും നേരെ നടന്ന ആക്രമണങ്ങളെ “ഐസിസ് ശൈലിയിലുള്ള മൃഗീയ അക്രമങ്ങൾ” എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ സേനയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തര സാഹചര്യം വഷളാക്കാൻ അമേരിക്കയും ഇസ്രായേലും ഐസിസ് ഭീകരരെ രാജ്യത്തേക്ക് അയച്ചിരിക്കുകയാണെന്ന് മേജർ ജനറൽ അബ്ദുൽ റഹീം മൂസാവി ആരോപിച്ചു. ജനുവരി 8 മുതൽ പ്രതിഷേധക്കാർക്കിടയിൽ സായുധരായ ഭീകരർ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായും വിദേശ ശക്തികളുടെ കളിപ്പാവകളാകാൻ തങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനക്കാർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. നൂറോളം സുരക്ഷാ ഉദ്യോഗസ്ഥർ ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
തോക്കുകളും ഗ്രനേഡുകളും പെട്രോൾ ബോംബുകളുമായി ഏകദേശം ഇരുന്നൂറോളം ഭീകരവാദികളെ പിടികൂടിയതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരിൽ ഇലാം സിറ്റിയിലെ ഐആർജിസി കേണൽ മെഹ്ദി റഹീമിയും ഉൾപ്പെടുന്നു. ഇത് പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള ഭീകരവാദ ആക്രമണമാണെന്നുമാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി പ്രതികരിച്ചത്.
അതേസമയം, പ്രതിഷേധങ്ങൾക്കെതിരെയും സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തെഹ്റാൻ ഉൾപ്പെടെയുള്ള 13 പ്രമുഖ നഗരങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലികൾ നടന്നു. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മാർച്ചിൽ പങ്കെടുത്തു. പാശ്ചാത്യ മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുകയാണെന്നും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.