02/04/2026
[fontresizer_tawhidurrahmandear_widget]

‘തീപ്പിടിക്കുമ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല, അവിടെ നിന്ന് പണവും കണ്ടെത്തിയിട്ടില്ല’; വസതിയില്‍ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ

 ‘തീപ്പിടിക്കുമ്പോള്‍ ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല, അവിടെ നിന്ന് പണവും കണ്ടെത്തിയിട്ടില്ല’; വസതിയില്‍ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ

ന്യൂഡൽഹി: വിവാദമായ പണം കണ്ടെത്തൽ കേസിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ പാർലമെന്ററി പാനലിന് മുന്നിൽ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെ പണം കണ്ടെത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിശോധിക്കുന്ന പാർലമെന്ററി സമിതിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തീപിടിത്തം നടന്ന സമയത്ത് താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും സംഭവസ്ഥലത്തുനിന്ന് പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി. സംഭവസ്ഥലം സുരക്ഷിതമാക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് വർമ്മ പറഞ്ഞു. തീപിടിത്തമുണ്ടായ ഔട്ട്ഹൗസ് തന്റെ താമസസ്ഥലത്തുനിന്നും വേറിട്ടതാണെന്നും സിആർപിഎഫ് ബാരക്കുകൾക്ക് സമീപമായതിനാൽ ആർക്കും അവിടെ പ്രവേശിക്കാവുന്ന സാഹചര്യമാണെന്നും അദ്ദേഹം വാദിച്ചു. ആരോപണങ്ങളെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം മാർച്ച് 14, 15 തീയതികളിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപിടിത്തത്തിനിടെ കത്തിനശിച്ച നിലയിൽ കറൻസി നോട്ടുകൾ കണ്ടെത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതേത്തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമ്മയെ അലഹബാദിലേക്ക് സ്ഥലം മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിൽ നടന്ന ആഭ്യന്തര അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് ഇംപീച്ച്‌മെന്റ് നടപടികൾക്ക് തുടക്കമായത്.

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

ലോക്‌സഭാ സ്പീക്കർ രൂപീകരിച്ച അന്വേഷണ സമിതിയുടെ നിയമസാധുത ജസ്റ്റിസ് വർമ്മ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. മുഴുവൻ പ്രക്രിയയും ഭരണഘടനാ വിരുദ്ധമാണെന്നും ജഡ്ജിമാരുടെ അന്വേഷണം നിയമത്തിന് വിരുദ്ധമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ കമ്മിറ്റിയുടെ നോട്ടീസിന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കാൻ കോടതി വിസമ്മതിച്ചു. ഈ ഹരജിയിൽ വിധി പറയാനായി സുപ്രീം കോടതി നിലവിൽ മാറ്റിവെച്ചിരിക്കുകയാണ്.

Also read: