‘ഞാൻ മുംബൈയിൽ വരുന്നു; ധൈര്യമുണ്ടെങ്കിൽ എന്റെ കാലുകൾ വെട്ടൂ’- രാജ് താക്കറെയോട് കെ. അണ്ണാമലൈ
മുംബൈ: വരാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോര് മുറുകുന്നു. തന്നെ ‘രസമലായ്’ എന്ന് വിളിച്ച് പരിഹസിച്ച മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെയ്ക്ക് ബിജെപി നേതാവ് കെ അണ്ണാമലൈ ശക്തമായ മറുപടി നൽകി. തന്നെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളും ഭീഷണികളും വെറും ‘അജ്ഞതയും രാഷ്ട്രീയ പ്രേരിതവുമാണെന്ന്’ അണ്ണാമലൈ തുറന്നടിച്ചു.
മുംബൈയിലെ രാഷ്ട്രീയ റാലികളിൽ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളോട് ചെന്നൈയിൽ വെച്ചാണ് അണ്ണാമലൈ പ്രതികരിച്ചത്. തന്നെ ഭീഷണിപ്പെടുത്താൻ രാജ് താക്കറെയോ ആദിത്യ താക്കറെയോ ആരാണെന്ന് ചോദിച്ച അദ്ദേഹം, ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയക്കളികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും വ്യക്തമാക്കി.
ധൈര്യമുണ്ടെങ്കിൽ തടയൂ: അണ്ണാമലൈ
‘ഞാൻ മുംബൈയിൽ വന്നാൽ കാലുകൾ വെട്ടുമെന്ന് ചിലർ എഴുതിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഞാൻ മുംബൈയിൽ വരിക തന്നെ ചെയ്യും; ധൈര്യമുണ്ടെങ്കിൽ എന്റെ കാലുകൾ വെട്ടാൻ നോക്കൂ. ഇത്തരം ഭീഷണികളെ ഭയപ്പെട്ടിരുന്നെങ്കിൽ ഞാൻ ഗ്രാമത്തിൽ തന്നെ തുടരുമായിരുന്നു. ഒരു സാധാരണ കർഷകന്റെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു. തന്നെ അധിക്ഷേപിക്കാൻ വേണ്ടി മാത്രം ചിലർ പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു,’ അണ്ണാമലൈ പറഞ്ഞു.
മുംബൈ നഗരത്തിന്റെ വികസനത്തെക്കുറിച്ചോ മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളെക്കുറിച്ചോ സംസാരിക്കുന്നത് പ്രാദേശിക സ്വത്വത്തെ തകർക്കുമെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. ‘കെ. കാമരാജ് ഇന്ത്യയിലെ മികച്ച നേതാവാണെന്ന് പറഞ്ഞാൽ അദ്ദേഹം തമിഴനല്ലാതാകുമോ? മുംബൈ ഒരു ലോകോത്തര നഗരമാണെന്ന് പറഞ്ഞാൽ അത് മഹാരാഷ്ട്രക്കാർ നിർമ്മിച്ചതല്ലെന്ന് അതിനർത്ഥമുണ്ടോ?’ എന്നും അദ്ദേഹം ചോദിച്ചു.
ബിഎംസി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടന്ന ശിവസേന (യുബിടി)എംഎൻഎസ് സംയുക്ത റാലിയിലാണ് രാജ് താക്കറെ വിവാദ പരാമർശങ്ങൾ നടത്തിയത്. അണ്ണാമലൈയെ ‘രസമലായ്’ എന്ന് വിശേഷിപ്പിച്ച താക്കറെ, മുംബൈയുടെ വിഷയങ്ങളിൽ ഇടപെടാൻ പുറത്തുനിന്നുള്ളവർക്ക് അവകാശമില്ലെന്ന് വാദിച്ചു.
പഴയകാലത്തെ വിവാദപരമായ ദക്ഷിണേന്ത്യൻ വിരുദ്ധ മുദ്രാവാക്യം ‘ഉത്താവോ ലുങ്കി, ബജാവോ പുങ്കി’ എന്നത് പുനരുജ്ജീവിപ്പിച്ചായിരുന്നു താക്കറെയുടെ പ്രസംഗം. ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള കുടിയേറ്റക്കാർക്കെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പുകൾ നൽകി. വരാനിരിക്കുന്ന ബിഎംസി തെരഞ്ഞെടുപ്പ് മറാത്തി സമൂഹത്തിന് നിർണ്ണായകമാണെന്നും, വോട്ടർമാർ തദ്ദേശീയ വികാരം ഉയർത്തിപ്പിടിക്കണമെന്നുമാണ് എംഎൻഎസ് ലക്ഷ്യമിടുന്നത്.