26/01/2026

വർഗീയ വിദ്വേഷം പടർത്തുന്ന പോസ്റ്റ്: കർണാടക പൊലീസ് കേസെടുത്തു

 വർഗീയ വിദ്വേഷം പടർത്തുന്ന പോസ്റ്റ്:  കർണാടക പൊലീസ് കേസെടുത്തു

ഉഡുപ്പി: സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന രീതിയിൽ പോസ്റ്റിട്ട വ്യക്തിക്കെതിരെ കർണാടകയിലെ കാർക്കള റൂറൽ പൊലീസ് കേസെടുത്തു. നിട്ടെ ഗ്രാമത്തിലെ സുദീപ് ഷെട്ടി എന്നയാൾക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഉഡുപ്പി മുസ്ലിം സൗഹാർദ പര്യായ കമ്മിറ്റിയെ ലക്ഷ്യം വെച്ച് ഫേസ്ബുക്കിൽ പ്രകോപനപരമായ കുറിപ്പുകൾ പങ്കുവെച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ഉഡുപ്പി പര്യായ മഹോത്സവത്തിന്റെ ഭാഗമായി ഹൊരെകാണിക്ക അർപ്പിക്കാൻ എത്തുന്ന മുസ്ലിം സൗഹാർദ കമ്മിറ്റിയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. പര്യായ ഘോഷയാത്രയിൽ ദഫ് മുട്ട് ഉൾപ്പെടെയുള്ള പരിപാടികൾ അവതരിപ്പിക്കുന്നതിനെ സുദീപ് ഷെട്ടി ചോദ്യം ചെയ്തിരുന്നു. ലൗ ജിഹാദ്, ഗോവധം തുടങ്ങിയ വിഷയങ്ങൾ കൂടി ഉൾപ്പെട്ട പോസ്റ്റ് ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണെന്ന് പൊലീസ് വ്യക്തമാക്കി.

ജനുവരി 3ന് വൈകുന്നേരമാണ് കാർക്കള റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെടുന്നത്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനും പൊതുസമാധാനം തകർക്കുന്നതിനുമുള്ള ഗൂഢലക്ഷ്യത്തോടെയാണ് പോസ്റ്റ് തയ്യാറാക്കിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196(1), 353(2), 352 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഉഡുപ്പി മേഖലയിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Also read: