2022-ൽ ‘ആഗോള സമാധാനത്തിന്’ പ്രഖ്യാപിച്ച രണ്ടു കോടി എവിടെപ്പോയെന്ന് സോഷ്യൽ മീഡിയ; മതസൗഹാർദ ചരിത്രത്തിന് പ്രഖ്യാപിച്ച 10 കോടിയില്‍ പരിഹാസം
തിരുവനന്തപുരം: കേരളത്തിലെ മത-സാമുദായിക സൗഹാർദ ചരിത്രം രേഖപ്പെടുത്തുന്നതിനായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയ ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പഴയൊരു ബജറ്റ് പ്രഖ്യാപനം ചർച്ചയാകുന്നു. 2022-ലെ ബജറ്റിൽ ആഗോള സമാധാന സമ്മേളനത്തിനായി വകയിരുത്തിയ രണ്ടു കോടി രൂപയ്ക്ക് എന്ത് സംഭവിച്ചു എന്നാണ് ചോദ്യമുയരുന്നത്.
ഇന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2026-27 ബജറ്റിലാണ് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സൗഹാർദ ചരിത്രവും രേഖപ്പെടുത്താൻ 10 കോടി രൂപ അനുവദിച്ചത്. വർഗീയതയുടെ വിഷപ്പാമ്പുകൾ കേരളത്തിന്റെ ഒത്തൊരുമ തകർക്കാൻ തക്കംപാർത്തിരിക്കുകയാണെന്നും, ഇതിനെതിരെ ജാഗ്രത വേണമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി ഓർമിപ്പിച്ചിരുന്നു.
എന്നാൽ, ഇതേ ധനമന്ത്രി 2022-ൽ അവതരിപ്പിച്ച ബജറ്റിൽ ‘ആഗോള സമാധാനത്തിനും ആണവ നിരായുധീകരണത്തിനുമായി’ പ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ പദ്ധതി എവിടെപ്പോയി എന്നാണ് വിമർശകർ ചോദിക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ലോക സമാധാനത്തിനായി കേരളത്തിൽ ഒരു ആഗോള സെമിനാർ സംഘടിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. വിദേശനയം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് തന്നെ ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ നോർവേ സന്ദർശന വേളയിൽ നോബൽ പീസ് സെന്ററുമായി ചേർന്ന് പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും, പ്രഖ്യാപനത്തിനപ്പുറം ഈ പദ്ധതി യാഥാർത്ഥ്യമായതായി അറിവില്ല.
ബജറ്റിലെ പുതിയ പ്രഖ്യാപനം വന്നതോടെ, 2022-ൽ ‘ലോകസമാധാനത്തിനായി’ പ്രഖ്യാപിച്ച രണ്ടു കോടി രൂപ എവിടെപ്പോയി എന്ന ചോദ്യമാണ് കമന്റ് ബോക്‌സുകളിൽ നിറയുന്നത്. ‘കഴിഞ്ഞ ബജറ്റിൽ ലോകസമാധാനത്തിനു പ്രഖ്യാപിച്ച രണ്ടു കോടിയെ പറ്റി രണ്ട് വാക്ക്’ എന്നാണ് ഒരു യൂസർ ഫേസ്ബുക്കിൽ കുറിച്ചത്. ‘ലോകസമാധാനം നന്നാക്കി കഴിഞ്ഞു, ഇനി കേരളത്തിന്റെ സമാധാനം ഉണ്ടാക്കണം’ എന്ന് മറ്റൊരാൾ. ‘ലോക സമാധാനത്തിന് എത്ര കോടി? അതെവിടെ പോയി?’, ‘കഴിഞ്ഞ ബജറ്റിലെ ലോക സമാധാനത്തിന് മാറ്റിവെച്ച പണം എന്ത് ചെയ്തു!’, ‘ലോക സമാധാനത്തിന് ഇത്തവണ ഒന്നുമില്ലേ?’… ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ ചോദ്യങ്ങളും പരിഹാസങ്ങളും.
പഴയ രണ്ടു കോടിയുടെ പദ്ധതി കടലാസിലൊതുങ്ങിയ സാഹചര്യത്തിൽ, പുതിയതായി പ്രഖ്യാപിച്ച 10 കോടിയുടെ പദ്ധതിയുടെ ഗതിയും ഇതുതന്നെയാകുമോ എന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളിലൂടെ പലരും പങ്കുവെക്കുന്നത്.