07/03/2026
[fontresizer_tawhidurrahmandear_widget]

‘ശത്രുക്കൾ വേദനിക്കണം; ആണവ വികസനത്തിൽ വിട്ടുവീഴ്ചയില്ല, അടുത്ത പദ്ധതികൾ ഉടൻ’- ‘പണിയൊരുക്കി’ കിം ജോങ് ഉൻ

 ‘ശത്രുക്കൾ വേദനിക്കണം; ആണവ വികസനത്തിൽ വിട്ടുവീഴ്ചയില്ല, അടുത്ത പദ്ധതികൾ ഉടൻ’- ‘പണിയൊരുക്കി’ കിം ജോങ് ഉൻ

പ്യോങ്‌യാങ്ങ്: ശത്രുക്കൾക്ക് അതിശക്തമായ മാനസിക സമ്മർദ്ദവും വേദനയും നൽകുന്ന തരത്തിൽ രാജ്യത്തിന്റെ ആണവശേഷി വർദ്ധിപ്പിക്കുമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. വരാനിരിക്കുന്ന ഭരണകക്ഷി കോൺഗ്രസിൽ നിർണ്ണായകമായ ആണവ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ (KCNA) റിപ്പോർട്ട് ചെയ്തു.

ഇന്നലെ നടന്ന അത്യാധുനിക മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറിന്റെ പരീക്ഷണത്തിന് നേതൃത്വം നൽകവെയാണ് കിമ്മിന്റെ പരാമർശം. പരീക്ഷണ വേളയിൽ കിമ്മിനൊപ്പം അദ്ദേഹത്തിന്റെ മകളും മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ജപ്പാൻ കടലിലേക്ക് തൊടുത്തുവിട്ട മിസൈലുകൾ ഏകദേശം 358 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം കൃത്യമായി ഭേദിച്ചതായാണ് വിവരം. അതേസമയം, അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന സൈനികാഭ്യാസങ്ങൾക്കെതിരെയുള്ള കൃത്യമായ മുന്നറിയിപ്പാണ് പരീക്ഷണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആണവയുദ്ധ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ അടുത്ത ഘട്ടം വരും ആഴ്ചകളിൽ നടക്കുന്ന വർക്കേഴ്‌സ് പാർട്ടി കോൺഗ്രസിൽ വെളിപ്പെടുത്തും. ഉത്തരകൊറിയയുടെ സൈനികവും തന്ത്രപരവുമായ നീക്കങ്ങളിൽ യോഗം നിർണ്ണായകമാകും. തങ്ങളോട് ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്ന ശക്തികൾക്ക് പുതിയ പരീക്ഷണം വലിയൊരു ഭീഷണിയായിരിക്കുമെന്നും രാജ്യത്തിന്റെ സുരക്ഷാ സംവിധാനം കൂടുതൽ ഫലപ്രദമായെന്നും കിം അവകാശപ്പെട്ടു. മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ ഉത്തരകൊറിയ നടത്തുന്ന ആയുധ പരീക്ഷണം ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

Also read: