‘ഞങ്ങളെ ആക്രമിക്കാന്‍ നോക്കരുത്; മാരക തിരിച്ചടി നേരിടേണ്ടിവരും’; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു
ബെഞ്ചമിന്‍ നെതന്യാഹു
തെല്‍ അവീവ്: ഇസ്രയേലിനെതിരെ ആക്രമണത്തിന് മുതിർന്നാൽ ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ പ്രഹരശേഷിയുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ജനുവരി 19-ന് ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ സംസാരിക്കവെയാണ് നെതന്യാഹുവിൻറെ താക്കീത്. ഇറാനിലെ സംഭവവികാസങ്ങൾ ഇസ്രായേൽ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേലിനെ ആക്രമിക്കുക എന്ന തെറ്റായ നീക്കമാണ് ഇറാൻ നടത്തുന്നതെങ്കിൽ, അവർക്ക് ഊഹിക്കാൻ പോലും സാധിക്കാത്ത ശക്തിയിലുള്ള തിരിച്ചടിയാകും ഇസ്രയേൽ നൽകുക എന്ന് അദ്ദേഹം പറഞ്ഞു. “ഇറാൻ ഒരു തെറ്റ് ചെയ്ത് നമ്മളെ ആക്രമിച്ചാൽ, അവർക്ക് ഇതുവരെ പരിചിതമല്ലാത്ത ശക്തിയോടെ ഞങ്ങൾ പ്രതികരിക്കും,” നെതന്യാഹുവിന്റെ വാക്കുകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിയൻ ഭരണകൂടത്തിനെതിരെ അവിടുത്തെ ജനങ്ങൾ നടത്തുന്ന പോരാട്ടത്തെ നെതന്യാഹു പ്രശംസിച്ചു. ഇറാനിയൻ ജനതയുടേത് വീരോചിതമായ പോരാട്ടം ആണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വന്തം ജനതയെ ഇറാനിയൻ ഭരണകൂടം കൂട്ടക്കൊല ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തന്നെ ഏകാധിപതി എന്ന് വിളിക്കുന്നവർക്കുള്ള മറുപടിയായും നെതന്യാഹു ഇറാനിലെ സാഹചര്യത്തെ എടുത്തു കാണിച്ചു. ഇറാനിലെ ഭരണാധികാരികൾ സ്വന്തം ജനതയോട് ചെയ്യുന്ന ക്രൂരതകൾ കാണുമ്പോൾ, തന്നെ ഏകാധിപതി എന്ന് വിളിക്കാൻ വിമർശകർ ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിൽ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പുതിയ പ്രസ്താവന വരുന്നത്. ഇറാന്റെ ആണവപദ്ധതികളും ഇസ്രയേൽ വിരുദ്ധ നിലപാടുകളും മേഖലയിൽ എപ്പോഴും ആശങ്ക സൃഷ്ടിക്കാറുണ്ട്.