27/01/2026

‘മദുറോയെ ട്രംപ് തട്ടിക്കൊണ്ടുപോയി; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പിടികൂടാന്‍ എന്തുകൊണ്ട് മോദിക്ക് കഴിയുന്നില്ല?’ കേന്ദ്രത്തെ വെല്ലുവിളിച്ച് ഉവൈസി

 ‘മദുറോയെ ട്രംപ് തട്ടിക്കൊണ്ടുപോയി; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പിടികൂടാന്‍ എന്തുകൊണ്ട് മോദിക്ക് കഴിയുന്നില്ല?’ കേന്ദ്രത്തെ വെല്ലുവിളിച്ച് ഉവൈസി

മുംബൈ: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് സൈന്യം പിടികൂടിയ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഡൊണാള്‍ഡ് ട്രംപിന് മദുറോയെ അദ്ദേഹത്തിന്റെ രാജ്യത്ത് നിന്ന് തട്ടിക്കൊണ്ടുപോകാമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് രണ്ടായിരത്തിനാലില്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പാകിസ്ഥാനില്‍ നിന്ന് പിടികൂടി ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് ഉവൈസി ചോദിച്ചു. മുംബൈയിലെ ഗോവണ്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യമെന്നും വിദേശത്ത് ഒളിച്ചിരിക്കുന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കന്‍ സൈനിക നടപടിക്ക് ശേഷം വെനിസ്വേലയിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. വെനിസ്വേലയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വെനിസ്വേലന്‍ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള പിന്തുണ ആവര്‍ത്തിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ മാറുന്നതിനനുസരിച്ച് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Also read: