ബംഗ്ലാദേശിന് പിന്തുണയുമായി പാക് ക്രിക്കറ്റ് ബോർഡ്; നിർണായക ഐസിസി യോഗം ഇന്ന്
ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ (ഐസിസി) ഇന്ന് യോഗം ചേരാനിരിക്കെ, വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കളിക്കാൻ താല്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ പിന്തുണച്ച് പിസിബി ഐസിസിക്ക് കത്തയച്ചുവെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ സുരക്ഷാ ആശങ്കകൾ പരിഗണിച്ച് ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കൊപ്പം ശ്രീലങ്കയും ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാൽ, നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും മത്സരങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കണമെന്നുമുള്ള നിലപാടിൽ ഐസിസി ഉറച്ചു നിൽക്കുകയാണ്.
ഇന്ത്യ – ബംഗ്ലാദേശ് രാഷ്ട്രീയ പ്രതിസന്ധിക്കിടെ, ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശം നൽകിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനു പിന്നാലെ, ലോകകപ്പിനായി തങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലാദേശ് ഭരണകൂടം വ്യക്തമാക്കി. ഈ വർഷത്തെ ഐപിഎല്ലിന്റെ സംപ്രേഷണം ബംഗ്ലാദേശിൽ നിരോധിക്കുകയും ചെയ്തു.
ബംഗ്ലാദേശിന്റെ ആശങ്കകൾ പരിഗണിക്കണമെന്നും ഇന്ത്യയിൽ നിന്ന് വേദി മാറ്റണമെന്നും പാകിസ്താൻ ഐസിസിക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയതായാണ് വിവരം. ബംഗ്ലാദേശിന്റെ മത്സരങ്ങൾ പാകിസ്ഥാനിൽ നടത്താമെന്ന് പിസിബി വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. മാത്രമല്ല, ബംഗ്ലാദേശിന്റെ കാര്യത്തിൽ ഐസിസി എടുക്കുന്ന തീരുമാനമനുസരിച്ചായിരിക്കും ടൂർണമെന്റിൽ കളിക്കണോ എന്ന കാര്യത്തിൽ പാകിസ്താൻ അന്തിമ തീരുമാനമെടുക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
ടൂർണമെന്റ് തുടങ്ങാൻ മൂന്നാഴ്ചയിൽ താഴെ മാത്രം സമയം ബാക്കിനിൽക്കെ, ഇന്നത്തെ ഐസിസി യോഗം നിർണ്ണായകമാണ്. പ്രശ്ന പരിഹാരത്തിനായി നേരത്തെ ഐസിസി – ബിസിബി പ്രതിനിധികൾ പലവട്ടം ചർച്ച നടത്തിയിരുന്നെങ്കിലും ആരും വിട്ടുവീഴ്ച ചെയ്യാത്തതിനാൽ ഫലപ്രദമായില്ല. അതിനിടെ, ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പിന്മാറുകയാണെങ്കിൽ മറ്റ് ടീമുകളെ ക്ഷണിക്കാൻ ഐസിസി ആലോചിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.