30/03/2026
[fontresizer_tawhidurrahmandear_widget]

‘സർക്കാർ സ്ഥാപനമാണെങ്കിലും പിഎം കെയേഴ്‌സിന് സ്വകാര്യതയുണ്ട്’ -വിവരാവകാശ നിയമത്തിൽനിന്ന് സംരക്ഷണമുണ്ടെന്ന് ഡൽഹി ഹൈക്കോടതി

 ‘സർക്കാർ സ്ഥാപനമാണെങ്കിലും പിഎം കെയേഴ്‌സിന് സ്വകാര്യതയുണ്ട്’ -വിവരാവകാശ നിയമത്തിൽനിന്ന് സംരക്ഷണമുണ്ടെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പിഎം കെയേഴ്‌സ് ഫണ്ട് സർക്കാർ സ്ഥാപനമാണെങ്കിലും വിവരാവകാശ നിയമപ്രകാരം (RTI) സ്വകാര്യതയ്ക്കുള്ള അവകാശം ഉണ്ടെന്ന് ഡൽഹി ഹൈക്കോടതി. ആദായനികുതി ഇളവിനായി പിഎം കെയേഴ്‌സ് സമർപ്പിച്ച രേഖകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീൽ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(j) പ്രകാരം മൂന്നാം കക്ഷി എന്ന നിലയിലുള്ള അവകാശങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെയാണെന്ന് കോടതി വ്യക്തമാക്കി. ഒരു സ്ഥാപനം പൊതു പ്രവർത്തനങ്ങൾ നടത്തുന്നതുകൊണ്ടോ സർക്കാരിന്റെ മേൽനോട്ടത്തിലുള്ളതാണെന്നതുകൊണ്ടോ അതിന് നൽകിയിട്ടുള്ള നിയമപരമായ അവകാശങ്ങൾ നിഷേധിക്കാനാവില്ല. പൊതു ട്രസ്റ്റായാലും സ്വകാര്യ ട്രസ്റ്റായാലും വിവരാവകാശ നിയമത്തിന് മുന്നിൽ വ്യത്യാസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ വിവരങ്ങൾ വെളിപ്പെടുത്താൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജി അത് റദ്ദാക്കിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇപ്പോഴത്തെ നിരീക്ഷണം. പിഎം കെയേഴ്‌സ് പോലുള്ള പൊതു ചാരിറ്റബിൾ ട്രസ്റ്റിന് സ്വകാര്യത അവകാശപ്പെടാനാവില്ലെന്ന ഹർജിക്കാരന്റെ വാദം കോടതി തള്ളി. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി അടുത്ത മാസം 10ലേക്ക് മാറ്റി.

Also read: