ഹനുമാന് ഒറ്റയ്ക്ക് ഗെയിമിങ് ലോകം അടക്കിഭരിക്കാനാകും; മഹാഭാരത-രാമായണ പുരാണകഥകള്‍ ഗെയിമിങ് ലോകത്തേക്ക് അതരിപ്പിക്കണം-പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ആഗോള ഗെയിമിങ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിമിങ് ലോകത്തെ മുഴുവന്‍ അടക്കിഭരിക്കാന്‍ ഭഗവാന്‍ ഹനുമാനനാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്’ സമാപന സമ്മേളനത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവസംരംഭകരാണു പങ്കെടുത്തത്. ഗെയിമിങ് മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതകളാണുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘രാമായണവും മഹാഭാരതവുമെല്ലാമാണ് നമ്മുടെ സംസ്‌കാരത്തിന്‍രെ ഭാഗമായുള്ള കഥകള്‍. അവ ഗെയിമിങ് ലോകത്തേക്ക് കൊണ്ടുവന്നുകൂടേ? ഗെയിമിങ് ഇപ്പോള്‍ ലോകത്ത് വലിയ വിപണിയാണ്. നമ്മുടെ പുരാണങ്ങളും മിത്തുകളും ഗെയിമിലേക്കു കൊണ്ടുവന്നാല്‍ വലിയ അവസരങ്ങളാണു തുറക്കുക’-മോദി ചൂണ്ടിക്കാട്ടി.
ഭഗവാന്‍ ഹനുമാനു മാത്രം ഗെയിമിങ് ലോകത്തെ അടക്കിഭരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തെയും പൈതൃകത്തെയും അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്താന്‍ ഗെയിമിങ് ഒരു മികച്ച ഉപാധിയാക്കാമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ‘ഓറഞ്ച് എക്കണോമി’ അഥവാ ക്രിയേറ്റീവ് എക്കണോമിയില്‍ ഇന്ത്യ മുന്നേറുകയാണെന്നും ഇതില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇന്നത്തെ യുവതലമുറയായ ‘ജെന്‍-സി’യുടെ പങ്ക് വലുതാണെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ‘നിങ്ങളുടെ തലമുറയിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുള്ളത്. വരും കാലഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ ഗതി നിര്‍ണയിക്കുന്നത് നിങ്ങളാണ്. പുതിയ ആശയങ്ങളുമായി മുന്നോട്ടുവരാനും, റിസ്‌കുകള്‍ ഏറ്റെടുക്കാനും ഭയപ്പെടരുത്. പരാജയങ്ങളെ ഭയക്കാതെ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരണമെന്നും, സര്‍ക്കാര്‍ എപ്പോഴും പിന്തുണയുമായി കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഇന്ത്യന്‍ യുവത്വത്തിന്റെ ക്രിയാത്മകതയും സാങ്കേതികവിദ്യയിലുള്ള അറിവും ഉപയോഗപ്പെടുത്തി ലോകത്തിന് മാതൃകയാകാന്‍ സാധിക്കണം. ലോകം മുഴുവന്‍ ഇന്ത്യയുടെ കഴിവുകളെ ഉറ്റുനോക്കുകയാണ്. ആഗോളതലത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അംബാസഡര്‍മാരാകാന്‍ യുവാക്കള്‍ക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.