26/01/2026

14 കോടി വെള്ളത്തിലാകുമോ? സിഎസ്‌കെയുടെ പ്രശാന്ത് വീറിന് തോളിന് പരിക്ക്

 14 കോടി വെള്ളത്തിലാകുമോ? സിഎസ്‌കെയുടെ പ്രശാന്ത് വീറിന് തോളിന് പരിക്ക്

ലഖ്‌നൗ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്‌കെ) റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ യുവ ഓൾറൗണ്ടർ പ്രശാന്ത് വീറിന് പരിക്ക്. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനായി കളിക്കുന്നതിനിടെയാണ് താരത്തിന് തോളിൽ പരിക്കേറ്റത്. ഗ്രേഡ്2 വിഭാഗത്തിലുള്ള പരിക്കായതിനാൽ കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമം താരത്തിന് വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

ജാർഖണ്ഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ പന്ത് തടയാൻ ഡൈവ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പന്ത് തടയുന്നതിൽ താരം വിജയിച്ചെങ്കിലും നിലത്തിറങ്ങുന്നതിനിടെ വലത് തോളിന് ആഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും വേദന കുറയാത്തതിനെ തുടർന്ന് പ്രശാന്തിനെ മൈതാനത്ത് നിന്ന് മാറ്റി. കൈയിൽ സ്ലിങുമായാണ് താരം പിന്നീട് സ്‌റ്റേഡിയത്തിൽ തിരിച്ചെത്തിയത്. ഈ സീസണിലെ രഞ്ജി ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾ താരത്തിന് നഷ്ടമാകാൻ സാധ്യതയുണ്ട്.

അബുദാബിയിൽ നടന്ന ലേലത്തിൽ 14.20 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയതോടെയാണ് പ്രശാന്ത് വീർ വാർത്തകളിൽ നിറഞ്ഞത്. സൺറൈസേഴ്‌സ് ഹൈദരാബാദുമായി നടന്ന കടുത്ത ലേലത്തിനൊടുവിലാണ് സിഎസ്‌കെ താരത്തെ ടീമിലെത്തിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ അൺക്യാപ്പ്ഡ് താരങ്ങളിൽ ഒരാളാണ് ഈ 20കാരൻ.

സീസണിൽ ഉത്തർപ്രദേശിനായി മികച്ച ഫോമിലായിരുന്നു പ്രശാന്ത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് മത്സരങ്ങളിൽ നിന്ന് പത്ത് വിക്കറ്റുകൾ വീഴ്ത്തി അദ്ദേഹം മികവ് തെളിയിച്ചിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി സിഎസ്‌കെ കാണുന്ന പ്രശാന്തിന്റെ പരിക്ക് ടീമിനെ സംബന്ധിച്ച് വലിയ ആശങ്കയാണ് നൽകുന്നത്. എങ്കിലും ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് താരം പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read: