രാഹുല്‍ മാങ്കൂട്ടത്തില്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍; മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് പ്രവാസി യുവതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ വെച്ചാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയും അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.
ബലാത്സംഗം, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. നിയമപരമായി കേസിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.