28/03/2026
[fontresizer_tawhidurrahmandear_widget]

‘എല്ലാ രേഖകളും നല്‍കിയിട്ടും, 82ഉം 78ഉം വയസ്സുള്ള ഞങ്ങളെ ഹിയറിങ്ങിനായി 18 കി.മീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് വിളിപ്പിച്ചിരിക്കുന്നു’

 ‘എല്ലാ രേഖകളും നല്‍കിയിട്ടും, 82ഉം 78ഉം വയസ്സുള്ള ഞങ്ങളെ ഹിയറിങ്ങിനായി 18 കി.മീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് വിളിപ്പിച്ചിരിക്കുന്നു’

പനാജി: വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്ഐആർ) പേരിൽ തിരിച്ചറിയൽ രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുൻ നാവികസേനാ മേധാവി റിട്ട. അഡ്മിറൽ അരുൺ പ്രകാശ്. എല്ലാ രേഖകളും കൃത്യമായി നൽകിയിട്ടും, 82 വയസ്സുള്ള തന്നെയും 78 വയസ്സുള്ള ഭാര്യയെയും വെരിഫിക്കേഷനായി 18 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് വിളിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

​ഗോവയിൽ താമസിക്കുന്ന അഡ്മിറലിന്റെ വീട്ടിൽ ബൂത്ത് ലെവൽ ഓഫീസർമാർ മൂന്ന് തവണ എത്തിയിരുന്നു. അപ്പോഴൊന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. ആവശ്യമായ ഫോമുകൾ പൂരിപ്പിച്ചു നൽകുകയും, കമ്മീഷന്റെ വെബ്‌സൈറ്റിലെ കരട് പട്ടികയിൽ തങ്ങളുടെ പേരുകൾ ഉൾപ്പെട്ടതായും ഉറപ്പുവരുത്തിയിരുന്നു. എന്നിട്ടും രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി 18 കിലോമീറ്റർ അകലെ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത് അദ്ദേഹം വെളിപ്പെടുത്തി.

​തന്റെ നിസ്സഹായാവസ്ഥ വിവരിച്ച് എക്സിൽ കുറിച്ച പോസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വിമർശനമുള്ളത്. “20 വർഷം മുമ്പ് വിരമിച്ചതു മുതൽ ഒരു പ്രത്യേക ആനുകൂല്യവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് ആവശ്യവുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷനോട് എനിക്ക് ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്: ഒന്ന്, എസ്ഐആർ ഫോമുകളിലൂടെ ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെങ്കിൽ അവ പരിഷ്കരിക്കണം. രണ്ട്, ബൂത്ത് ലെവൽ ഓഫീസർ മൂന്ന് തവണ ഞങ്ങളെ സന്ദർശിച്ചു, അപ്പോഴൊക്കെ കൂടുതൽ വിവരങ്ങൾ ചോദിക്കാമായിരുന്നു. മൂന്ന്, 82-ഉം 78-ഉം വയസ്സുള്ള ദമ്പതികളായ ഞങ്ങളോട് 18 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് രണ്ട് വ്യത്യസ്ത തീയതികളിലായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്”, അഡ്മിറൽ അരുൺ പ്രകാശ് വിമർശിച്ചു.

​മുൻ സേനാ മേധാവിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. സാധാരണക്കാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരിതങ്ങൾ പലരും കമന്റുകളിലൂടെ പങ്കുവെച്ചു. ഈ നടപടിയെ ‘സ്‌പെഷ്യൽ ഇന്റൻസീവ് റാഗിങ്’ എന്നാണ് ചിലർ വിശേഷിപ്പിച്ചത്. 2026 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിനാണ് എസ്ഐആർ നടപടികൾ ആരംഭിച്ചതെന്നാണ് കമ്മീഷൻ പറയുന്നത്.

Also read: